തിരുവനന്തപുരം: എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന് രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേരാണ് അപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 140 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 1278 ആയി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് എഐ ക്യാമറകളിലൂടെ ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍ 81.78 ലക്ഷം രൂപ ഇതുവരെ ലഭിച്ചു.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്നു വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെൽട്രോണിനോട് നിർദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെയും എഐ ക്യാമറകളുടെ പരിധിയില്‍ കൊണ്ടുവരും. നാഷനല്‍ ഇൻഫര്‍മാറ്റിക് സെന്ററില്‍ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങള്‍ കെല്‍ട്രോണിനു കൈമാറിയിട്ടുണ്ട്. നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാര്‍ക്കിങ് ഏരിയകള്‍ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം ചേരും. വേഗപരിധി കൂട്ടിയതിനാല്‍ അതു വ്യക്തമാക്കി കൊണ്ടുള്ള ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കാൻ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.
പിഴയ്ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതി പറയുന്ന സംവിധാനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ കൂടുതല്‍ ജീവനക്കാരെ നിയമിക്കാൻ കെല്‍ട്രോണിന് നിര്‍ദേശം നല്കി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകള്‍ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം