×

എ.പി.പി അനീഷ്യയുടെ ആത്മഹത്യ :ആരോപണ വിധേയര്‍ക്കെതിരെ ഒടുവിൽ നടപടി

google news
Zb
കൊല്ലം : കൊല്ലം പരവൂരില്‍ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ ഒടുവില്‍ ആരോപണ വിധേയർക്കെതിരെ നടപടി.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുള്‍ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. എന്നാല്‍ 11 ദിവസമായിട്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാതെ ഇഴഞ്ഞ് നീങ്ങുകയാണ് പൊലീസ് അന്വേഷണം.
   
ജി എസ് ജയലാലിൻ്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്. പൊലീസ് ചോദ്യം ചെയ്യലിനും കേസെടുക്കലിനും മുന്നേയാണ് സസ്പെൻഷൻ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മേലുദ്യോഗസ്ഥനായ ഡി ഡി പി അബ്ദുള്‍ ജലീലിൻ്റേയും സഹപ്രവർത്തകനും ജൂനിയറുമായ ശ്യാം കൃഷ്ണയുടേയും മാനസിക - തൊഴില്‍ പീഡനത്തിൻ്റെ മനോവിഷമത്തിലായിരുന്നു അനീഷ്യയെന്ന് ശബ്ദ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും വ്യക്തം.
   
എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം ഇതൊക്കെയാണെന്നതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സിറ്റി ക്രൈംബ്രാഞ്ചിൻ്റെ വിശദീകരണം. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്. പരാതി അട്ടിമറിക്കാൻ കൊല്ലം കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയെ ഭീഷണിപ്പെടുത്തിയെന്ന അഭിഭാഷകൻ കുണ്ടറ ജോസിൻ്റെ ആരോപണത്തില്‍ അന്വേഷണം തത്കാലമില്ല.
    
പരവൂർ മജിസ്ട്രേറ്റിറ്റിൻ്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കൊല്ലം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തൊഴില്‍ പീഡനത്തെക്കുറിച്ച്‌ അനീഷ്യ മജിസ്ട്രേറ്റിന് അയച്ച മൊബൈല്‍ സന്ദേശത്തിൻ്റെ നിജസ്ഥിതി അറിയുകയാണ് ലക്ഷ്യം. ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ്റെ നിർദേശാനുസരണം ഹെഡ് ക്വാർട്ടേഴ്സ് ഡിഡിപിയുടെ അന്വേഷണവും തുടരുകയാണ്.