×

കരിങ്കൊടി പ്രതിഷേധം; 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു ; എഫ്ഐആർ കണ്ടു; റോഡിലെ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ

google news
gove

കൊല്ലം∙ നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 12 പേരെ അറസ്റ്റു ചെയ്തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം. എഫ്ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. 

കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ‌ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. കാറിൽനിന്നിറങ്ങിയ ഗവർണർ, ‘വരൂ’ എന്നു പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു.  പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. 

 read also...കരിങ്കൊടി പ്രതിഷേധം; 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു ; എഫ്ഐആർ കണ്ടു; റോഡിലെ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ

വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി  റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.  കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവർണറുടെ അസാധാരണമായ നീക്കം.

സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒടുവിൽ എഫ്ഐആറിന്റെ പകർപ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ഗവർണർ തയാറായത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ