തൃശ്ശൂര്‍: ടി എൻ പ്രതാപൻ എം പിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
FASTREPORTS എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരം തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. വർഗീയ പരാമർശം നടത്തിയതിനും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.
ചാനലിൽ നിരന്തരമായി ഇല്ലാ കഥകൾ പ്രചരിപ്പിച്ച് തൃശൂർ എംപിയെ ജനങ്ങളുടെ മുന്നിൽ വർഗീയതയുടെ ആളായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.