തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള ഗ്രാന്‍റ് വിഹിതം കേരളത്തിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏറെ നാളായി കേന്ദ്രം പിടിച്ചുവച്ചിരുന്ന ഗ്രാന്‍റില്‍ നിന്നും ഒരു വിഹിതമാണ് നല്‍കിയത്.
മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുമുള്ള ഗ്രാന്‍ഡ് വിഹിതമായി 135.35 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പിടിച്ചുവച്ച ഗ്രാന്‍റിന്‍റെ ആദ്യ ഒരു വിഹിതം മൂന്നാഴ്ച്ച മുമ്പ് കേന്ദ്രം അനുവദിച്ചിരുന്നു. 252 കോടിയാണ് നല്‍കിയിരുന്നത്.
തുക പിടിച്ചുവച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ മന്ത്രി എം.ബി. രജേഷ് സെപ്തംബറില്‍ കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങ്, ഹര്‍ദീപ് സിങ് പുരി എന്നിവരെ നേരില്‍ കണ്ട് രേഖാമൂലം കേരളത്തിന്‍റെ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് രണ്ട് ഗഡുക്കളായി 387.35 അനുവദിച്ചത്.
എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ അനുവദിക്കേണ്ട 814 കോടി രൂപയില്‍ ഇതുവരെ 387.35 കോടി മാത്രമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. നവകേരള സദസു കൊണ്ട് എന്തു പ്രയോജനമെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് കേന്ദ്രം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാനുള്ള ഗ്രാന്‍റ് വിഹിതം. പക്ഷേ, അനുവദിച്ചിരിക്കുന്നത് അര്‍ഹമായതിന്‍റെ എത്ര നിസാരമാണെന്നു കൂടി ഓര്‍ക്കണം- മന്ത്രി രാജേഷ് പറഞ്ഞു.