'കേരളത്തിൽ യുഡിഎഫ് ഭരണമായിരുന്നു ദുരന്തം, ഏഴ് വർഷം ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ല': മുഖ്യമന്ത്രി

google news
Pinarayi Vijayan on Vaikom Satyagraha centenary celebrations
 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016-ല്‍ യുഡിഎഫ് എന്ന ദുരന്തത്തെ അവസാനിപ്പിച്ച് തുടങ്ങിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏഴ് വര്‍ഷം ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും ഇതാണ് ഇതുവരെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഒരു സര്‍ക്കാര്‍ അതിന്റേതായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ കുറവുകളോ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തെ അനുഭവത്തില്‍ അത്തരത്തിലുള്ള ഒരു വീഴ്ചയും ഈ പറയുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്നില്ല. മറിച്ച് കെട്ടിപ്പൊക്കുന്ന അപവാദങ്ങളിലാണ് കേന്ദ്രീകരിച്ചത്. നുണകള്‍ പലയാവര്‍ത്തി പ്രചരിപ്പിക്കുക. അതിന് വലത്പക്ഷ മാധ്യമങ്ങളും കൂട്ടുനില്‍ക്കുക എന്നതാണ് കണ്ടത്.എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പുറപ്പെട്ട എല്ലാ പദ്ധതികളും തുരങ്കംവെക്കാന്‍ മാത്രമേ യുഡിഎഫും ബിജെപിയും ശ്രമിച്ചിട്ടുള്ളൂ. സര്‍ക്കാരിനെ പ്രത്യേകരീതിയില്‍ അക്രമിക്കാന്‍ കേന്ദ്രഭരണം ഉണ്ട് എന്നുള്ളതുകൊണ്ട് ഇവിടുത്തെ ബിജെപിയെ കൂട്ട് പിടിച്ചുള്ള നെറികേടുകളും കണ്ടതാണ്' പിണറായി പറഞ്ഞു.

ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ സ്വന്തം അനുഭവത്തിലൂടെയാണ്. 2016-ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും 2021-ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരും നാടിന്റെ വലിയ ദുരന്തമാണെന്ന് ഉന്നയിക്കുന്നത് കേട്ടു. ഈ പറഞ്ഞ ജനങ്ങളുടെ അനുഭവത്തില്‍ അവര്‍ പരിശോധിച്ച് വിധി രേഖപ്പെടുത്തിയതാണ്. 2016ന് മുമ്പുള്ള കേരളം എന്തായിരുന്നുവെന്ന് ആരും മറന്നുപോയിട്ടില്ല. ചിലരെ അത് ഓര്‍മിപ്പിക്കേണ്ടതുണ്ട്.
 
ഇടതുപക്ഷം അധികാരത്തിൽ വന്ന 2016 ന് മുൻപുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയിൽ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സർക്കാർ പുറകോട്ട് പോയി. ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോൾ സംസ്ഥാന സർക്കാർ വലിയ ദുരന്തം ആണെന്ന് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്ത സർക്കാർ ആണ് ഇടത് ജനാധിപത്യ മുന്നണി സർക്കാരെന്നും വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റാര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക നൽകുന്നവരുമായാണ് കരാർ ഒപ്പിടുന്നത്. അങ്ങനെയല്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞോ? കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ശക്തികൾ യാഥാർത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ പണം സംസ്ഥാന സർക്കാരിന്റെ കൈവശമില്ലെന്നത് ശരിയായ കാര്യമാണ്. അതിനാണ് കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

Tags