നവകേരളാ സധസുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത് ദൗർഭ്യാഗകരമായ സംഭവമെന്ന് കെ.എസ്.യു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ബാലാവകാശ കമ്മിഷന് പരാതി നൽകി. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണിയെന്നും കെ എസ് യു പറയുന്നു. സംഭവത്തിൽ എം എസ് എഫും ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്
കണ്ണൂർ തലശ്ശേരിയിൽ ചെമ്പാട് വെസ്റ്റ് എൽപി സ്കൂൾ, വെസ്റ്റ് യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി നവകേരളാ സദസ്സിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ച സംഭവം അപമാനകരമാണ്. മാത്രവുമല്ല മുദ്രാവാക്യം വിളി അവസാനിപ്പിച്ച വിദ്യാർത്ഥികളോട് അധ്യാപകൻ വീണ്ടും വിളിക്കാൻ ആവശ്യപ്പെടുന്നത് കേരളത്തിലെ പത്ര -ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണി എന്നും പൊരിവെയിലത്ത് കുരുന്നുകളെ ഇറക്കി നിർത്തി ഈ അതിക്രമം കാണിച്ചത് ആരെ പ്രീണിപ്പിക്കാനാണന്ന് അധ്യാപകർ വ്യക്തമാക്കണമെന്നും അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.
പ്രസ്തുത വിഷയത്തിൽ കടുത്ത ബാലാവകാശ ലംഘനം വ്യക്തമായ സാഹചര്യത്തിൽ കുറ്റക്കാരായ അധ്യാപകരുൾപ്പടെയുള്ളവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു