തിരുവനന്തപുരം: നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന്‍റെ പേരിൽ ഓട്ടോറിക്ഷ തൊഴിലാളിയായ യുവതിയെ തൊഴിലെടുക്കാൻ സമ്മതിക്കുന്നില്ലെന്ന് ആരോപണം. ഓട്ടോ തൊഴിലാളിയായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയാണ് സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ എട്ടുവര്‍ഷമായി കാട്ടായികോണം സ്റ്റാന്‍ഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുപോലെ ഓട്ടോയുമായി സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു രജനി. എന്നാല്‍, സി.ഐ.ടി.യു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ രജനിയെ തടഞ്ഞു. നവകേരള സദസ്സിന് വരണമെന്നുള്ള നിര്‍ദേശം ലംഘിച്ചതിനാണ് തടഞ്ഞതെന്നാണ് രജനി പറയുന്നത്.
വര്‍ഷങ്ങളായി പാര്‍ട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമാണ് രജനി. സുഖമില്ലാത്തതിനാല്‍ നവകേള സദസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാണ് വിലക്കുമായി വന്നതെന്നും ഇവർ ആരോപിക്കുന്നു.
കേസുമായി മുന്നോട്ട് പോയാൽ ചുമട്ടുതൊഴിലാളിയായ സഹോദരന്‍ രാജേഷിനെ നാളെമുതല്‍ ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും രജനി പുറത്തുവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു