×

വ്യാജ പോക്‌സോ കേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി; ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം

google news
Delhi-court-POCSO-

കാസര്‍കോട്: വ്യാജ പോക്‌സോ കേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം. ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസി നല്‍കിയ പരാതിയിലാണ് നടപടി. 

കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ഹോസ്ദുര്‍ഗ് സിഐ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. കേസ് ഒത്തൂതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചെന്നാണ് വക്കീല്‍ പറയുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാതിക്കാരന്‍ പറയുന്നു. 

പിന്നീട് ഇത് 10 ലക്ഷമാക്കി കുറച്ചെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നുണ്ട്. കേസുമായി മുന്നോട്ടു പോയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാകുമെന്നും, അതിനാല്‍ അവര്‍ പറയുന്ന പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനും ഹോസ്ദുര്‍ഗ് സിഐ ഷൈന്‍ നിര്‍ദേശിച്ചതായാണ് പരാതിയില്‍ പറയുന്നത്. 

കഴിഞ്ഞ ജൂലൈയിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കാഞ്ഞങ്ങാടുതന്നെയുള്ള പെണ്‍കുട്ടിയുമായി വിവാഹാലോചന നടത്തുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലായതോടെ വിവാഹത്തില്‍ നിന്നും പിന്മാറി. നഷ്ടപരിഹാരമായി 25,000 രൂപയും നല്‍കി. 

കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെതിരെ പോക്‌സോ കേസ് നല്‍കിയത്. ഇതിലാണ് കേസ് തീര്‍ക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ട സംഘത്തെ സഹായിക്കുന്ന തരത്തില്‍ സിഐ ഇടപെട്ടെന്ന ആക്ഷേപം ഉയര്‍ന്നത്. സിഐയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags