പത്തനംതിട്ട: നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചു തകർത്തു. ജഡ്ജി ജി.ആർ.ബിൽകുലിന്റെ കാറാണ് തകർത്തത്. മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി.ജയപ്രകാശ് (53) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് നാലരയോടെ കോടതി മുന്നിൽ വെച്ചായിരുന്നു സംഭവം. ജഡ്ജി വിസ്തരിക്കുന്നതിനിടെ പല പ്രാവശ്യം ഇയാൾ പ്രകോപിതനായതായി കോടതി ജീവനക്കാർ പറഞ്ഞു. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ ഇട്ടിരുന്ന കാറിന്റെ ചില്ലുകളെല്ലാം അടിച്ചു തകർക്കുകയായിരുന്നു.
തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ജഡ്ജിയുടെ കാർ തകർത്തത്. ആക്രമണത്തിൽ സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശത്തേയും പിൻവശത്തേയും ചില്ലുകൾ തകർന്നു. ഇയാളെ സംഭവ സ്ഥലത്തു വെച്ചു തന്നെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യും.
നേരത്തേ, പത്തനംതിട്ട കുടുംബ കോടതിയിലാണ് ഇയാളുടെ കേസ് ഉണ്ടായിരുന്നത്. ഹൈക്കോടതിയിൽനിന്നു പ്രത്യേക അനുമതി വാങ്ങി ഫെബ്രുവരി 21ന് കേസ് തിരുവല്ല കുടുംബ കോടതിയിലേക്കു മാറ്റി. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി. വിവാഹമോചനം, ഭാര്യയ്ക്ക് ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകുക തുടങ്ങിയ വിവിധ കേസുകൾ ഇയാൾക്കെതിരെയുണ്ട്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാളുടെ ഭാര്യ അടൂർ കടമ്പനാട് സ്വദേശിനിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം