തിരുവനന്തപുരം. താൻ ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണെന്ന് പി.സി. ജോർജ്. ചോദിക്കേണ്ടവരോടൊക്കെ ചോദിച്ചിട്ടും ക്രൈസ്തവ സഭാ പിതാക്കന്മാരോടും മറ്റ് സമുദായ നേതാക്കളുടെയും അനുഗ്രഹം വാങ്ങിയ ശേഷവുമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തലയിൽ കൈവെച്ചാണ് അനുഗ്രഹിച്ചത്. അഞ്ചുകൊല്ലം മുമ്പെങ്കിലും ബി.ജെ.പിയിൽ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയി. ഇപ്പോൾ ഞാൻ ബി.ജെ.പി അംഗമാണ്. അനുസരണയുള്ള ബി.ജെ.പി അംഗമായിരിക്കും. തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മത്സരിക്കും, നിൽക്കണ്ട എന്ന് പറഞ്ഞാൽ നിൽക്കില്ല. ഞാൻ സ്ഥാനത്തിന് വേണ്ടി നടക്കുന്നയാളല്ല’ -ജോർജ് പറഞ്ഞു.
മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം ബ്രിട്ടീഷ് ഭരണകാലം മുതലുള്ളതാണെന്നും ജോർജ് അഭിപ്രായപ്പെട്ടു. മറിച്ചുള്ള പ്രചാരണത്തിനു പിന്നിൽ പിണറായി വിജയനാണെന്നും ഇത് സഭാ അധ്യക്ഷന്മാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മണിപ്പൂർ എന്ത് കുന്തമാണെന്നാ ഈ പറയുന്നേ? ചുമ്മാ മണിപ്പൂർ കുന്തം. 100 വർഷത്തിൽ കൂടുതലായിരിക്കുന്ന വംശീയ കലാപമാണ്.
read also….ശക്തമായ പ്രതിഷേധം; കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർഥി വൈശാഖിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു
ബ്രിട്ടീഷുകാരുടെ കാലം മുതലുള്ളതാണ്. ഇതിന് മുമ്പുള്ള പ്രധാനമന്ത്രിമാർ വിചാരിച്ചിട്ടൊന്നും നടന്നില്ലല്ലോ. പിന്നെ ഇപ്പോൾ മോദിക്ക് മാത്രമെന്താ പ്രത്യേകത. ഇതൊരു വംശീയ കലാപമാണ്. അത് ഒറ്റയടിക്ക് അങ്ങോട്ട് കയറി തീർക്കാൻ പറ്റുന്നതല്ല. വൈദികരും മെത്രാന്മാരും ഉൾപ്പെടെ അത് കണ്ടെത്തിക്കഴിഞ്ഞു. വെറുതെ പുകമറ സൃഷ്ടിച്ച് ഒരു രാഷ്ട്രീയ പാർട്ടിയെ അപമാനിക്കാൻ സമ്മതിക്കുന്ന പ്രശ്നമില്ല.’ -ജോർജ് കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു