×

പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയത് നേമം സ്വദേശിക്ക് വേണ്ടി; ഓടി രക്ഷപ്പെട്ടയാളുടെ സിസിടിവി ദൃശ്യം പുറത്ത്

google news
Impersonation during psc exam at thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം. തട്ടിപ്പ് നടത്താനെത്തിയ ഉദ്യോഗാര്‍ഥി ബയോമെട്രിക് പരിശോധനക്കിടെ ഹാളില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു ആള്‍മാറാട്ട ശ്രമം നടന്നത്. ഇവര്‍ എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും നിലവിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി എല്‍.ജി.എസ്. പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം നടന്നത്. 

പിഎസ്സി പരീക്ഷയില്‍ ആധാര്‍ വഴി ബയോമെട്രിക് പരിശോധന നടപ്പാക്കിയ ആദ്യ പരീക്ഷയായിരുന്നു ഇന്നത്തേത്. ഹാളില്‍ എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ വിരല്‍ സ്‌കാന്‍ ചെയ്യുന്നതിനിടെ ഒരാള്‍ ഹാളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരും പി.എസ്.സിയും പുജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബൈക്കില്‍ മുങ്ങിയ ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

നേമം മേലാംകോട് സ്വദേശി ശ്രീഹരി സദനത്തില്‍ അമല്‍ജിത്ത്.എ എന്ന പേരിലാണ് ഓടി രക്ഷപ്പെട്ടയാള്‍ പരീക്ഷ എഴുതാനെത്തിയത്. അറ്റന്‍ഡന്റ്‌സ് രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്. ഇത് ഇന്‍വിജിലേറ്റര്‍ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനക്ക് ഉദ്യഗസ്ഥന്‍ എത്തിയത്. ചിത്രം പരിശോധിച്ചപ്പോള്‍ സംശയമൊന്നുമുണ്ടായില്ലെന്നാണ് ഇന്‍വിജിലേറ്റര്‍ പറഞ്ഞത്.

വിരലടയാളമാണ് ബയോമെട്രിക് പരിശോധനയ്‌ക്കെടുക്കുന്നത്. അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്ക് പി.എസ്.സി നേരത്തെ തന്നെ ബയോമെട്രിക് പരിശോധന നടത്താറുണ്ട്. ബുധനാഴ്ച എഴുത്ത് പരിശോധനക്ക് ആദ്യമായിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ഇടവിട്ട പരീക്ഷ കേന്ദ്രങ്ങളിലാണ് പരിശോധന നിശ്ചയിച്ചിരുന്നത്.

പരിശോധനക്കെത്തിയ പി.എസ്.സി ഉദ്യോഗസ്ഥന്‍ വിവരം പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പി.എസ്.സി. ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. യഥാര്‍ഥ ഉദ്യോഗാര്‍ഥിക്ക് പകരം പരീക്ഷ എഴുതാന്‍ എത്തിയയാളാണ് ഓടി രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ഉദ്യോഗാര്‍ഥിയുടെ വിലാസവും വിവരങ്ങളും പരീക്ഷ എഴുതാനെത്തിയവരുടെ വാഹന നമ്പരും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ പരിശോധനക്കിടെ തന്നെ ആള്‍മാറാട്ടം കണ്ടെത്തിയതോടെ പി.എസ്.സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനും കമ്മീഷന്‍ തീരുമാനിച്ചു.

 
നേരത്തെ എസ്.എഫ്.ഐ നേതാക്കള്‍ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ നടത്തിയ തട്ടിപ്പും തിരുവനന്തപുരത്ത് വി.എസ്.സി പരീക്ഷയിലെ കോപ്പിയടിയുമെല്ലാം വലിയ വിവാദമായിരുന്നു. ഇത്തരം തട്ടിപ്പ് തടയാന്‍ ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്തിയ ആദ്യ ദിവസം തന്നെ ആള്‍മാറാട്ടം നടന്നത്, തട്ടിപ്പ് വ്യാപകമെന്ന സൂചനയാണ് നല്‍കുന്നത്.  

 

 

      

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ