×

കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും

google news
p rajeev

കൊച്ചി: കളമശേരിയിൽ ജുഡീഷ്യൽ സിറ്റിക്ക് ധാരണയായെന്ന് മന്ത്രി പി രാജീവ്. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്തുന്നതാണെന്ന് രാജീവ് പറഞ്ഞു.

ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. ഹെക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മ്മിക്കും.

കളമശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്ക് കൊച്ചിയിൽ ചേർന്ന യോഗം രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കും. നിയമ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ.രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. നിലവില്‍ സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തിന് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ