കൊച്ചി : കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തില്‍ ഇക്കൊല്ലം രണ്ടാംപാദത്തില്‍ കൊച്ചി 21.8% വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍. ആഗോള മാരിടൈം ഉച്ചകോടിയുടെ മൂന്നാംപതിപ്പിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ പ്രത്യേക റോഡ്ഷോയ്ക്ക് വേണ്ടി നല്‍കിയ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തുറമുഖ, കപ്പല്‍, ജലഗതാഗത വകുപ്പിന് വേണ്ടി കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും കൊച്ചിന്‍ ഷിപ്യാര്‍ഡും സംയുക്തമായാണ് ലെ മെറിഡിയന്‍ ഹോട്ടലില്‍ റോഡ്ഷോ സംഘടിപ്പിച്ചത്.
കേരളത്തിലെ തീരദേശ വിഭവസമ്പത്തും തുറമുഖങ്ങളും സംസ്ഥാനത്തെ സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കുമെന്നും, രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക ഇടനാഴികളില്‍ കൊച്ചിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ടെന്നും കേന്ദ്ര തുറമുഖ, കപ്പല്‍, ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. വിഴിഞ്ഞത്തും വല്ലാര്‍പ്പാടത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വന്‍പദ്ധതികളും കൊച്ചിയിലെ വാട്ടര്‍ മെട്രോയും പരിപാടിയില്‍ ചര്‍ച്ചയായി.
കേരളത്തിലേതുള്‍പ്പെടെ, രാജ്യത്തെ എല്ലാ തീരദേശമേഖലകളുടെയും സ്വാഭാവിക സവിശേഷതകളും സമ്പത്തും പ്രയോജനപ്പെടുത്തി വാണിജ്യ, ടൂറിസം മേഖലകള്‍ക്ക് ഊര്‍ജം പകരാനാണ് ശ്രമമെന്ന് കേന്ദ്ര തുറമുഖവകുപ്പ് സഹമന്ത്രി ശ്രീ ശാന്തനു താക്കൂര്‍ പറഞ്ഞു. ഈ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കേരളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുവേണ്ടി അടിസ്ഥാനസൗകര്യ വികസനത്തിലും നിയമനിര്‍മാണത്തിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കും.
പ്രതിവര്‍ഷം 35 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് കൊച്ചിയിലൂടെ കടന്നുപോകുന്നത്. രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളില്‍ കൊച്ചിയുടെ സാന്നിധ്യവും സംഭാവനകളും അവഗണിക്കാനാവാത്തതാണെന്ന് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി അധ്യക്ഷ ഡോ. ബീന എം IAS പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലായ വിഴിഞ്ഞം തുറമുഖം, പരിസ്ഥിതി സൗഹാര്‍ദ്ദവും സുസ്ഥിരവുമായ ചരക്കുനീക്കത്തിന് വഴിയൊരുക്കും.
READ ALSO….ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
പരിപാടിയില്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ ഉപാധ്യക്ഷന്‍ ശ്രീ വികാസ് നര്‍വാള്‍ രാജ്യത്തെ തുറമുഖങ്ങളെ കുറിച്ച് വിശദമായി കാണികള്‍ക്ക് പരിചയപ്പെടുത്തിയ പ്രസേന്റ്റേഷന്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ചെറുതും വലുതുമായ ഇരുന്നൂറോളം തുറമുഖങ്ങളില്‍ കൊച്ചിയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്താകെയുള്ള 28 കപ്പല്‍ നിര്‍മാണശാലകളില്‍ ഏറ്റവും വലുതാണ് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുമായി സമുദ്രമാര്‍ഗം വാണിജ്യബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത് നൂറോളം രാജ്യങ്ങളാണ്. അതില്‍ 1.3% കടന്നുപോകുന്നത് കൊച്ചി തുറമുഖത്തിലൂടെയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കപ്പലുകള്‍ പുനരുപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് ലോകത്തെ രണ്ടാം സ്ഥാനവും ലോജിസ്റ്റിക്‌സ് സംവിധാനങ്ങളുടെ മികവില്‍ മുപ്പത്തിയെട്ടാം സ്ഥാനവുമാണുള്ളതെന്ന് വികാസ് നര്‍വാള്‍ പറഞ്ഞു.
വിഴിഞ്ഞം, വാട്ടര്‍ മെട്രോ എന്നിവയ്ക്ക് സമാനമായ കൂടുതല്‍ പദ്ധതികളിലൂടെ ആഗോളഭൂപടത്തില്‍ കേരളത്തിലെ തുറമുഖങ്ങളുടെ സ്ഥാനം ഉയര്‍ത്തുമെന്ന് സംസ്ഥാന ഫിഷറീസ്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. കെ.എസ്. ശ്രീനിവാസ് ഐഎഎസ് പറഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ മധു എസ് നായര്‍ പരിപാടിയില്‍ കൃതജ്ഞത രേഖപ്പെടുത്തി.
മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് എസ്ഇസെഡ് ലിമിറ്റഡിന്റെ സി.എം.ഡി എല്‍. രാധാകൃഷ്ണന്‍, ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിന്റെ എംഡി സുനില്‍ മുകുന്ദന്‍, സി.എസ്,എല്‍ CMD രാജേഷ് ഗോപാലകൃഷ്ണന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ചീഫ് പ്രോജക്ട് ഓഫിസര്‍ ഡോ. സന്തോഷ് സത്യപാല്‍, ഡിപി വേള്‍ഡ് സി.ഇ.ഓ പ്രവീണ്‍ തോമസ് ജോസഫ്, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ട്രാഫിക് മാനേജര്‍ വിപിന്‍ ആര്‍ മേനോത് എന്നിവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 17 മുതല്‍ 19 വരെ മുംബൈ ബികെസിയിലുള്ള എം.എം.ആര്‍.ഡി.എ ഗ്രൗണ്ടിലാണ് ഇക്കൊല്ലത്തെ ആഗോള മാരിടൈം ഉച്ചകോടി നടക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നത്. സമുദ്രമേഖലയിലെ വളര്‍ച്ചയും പരസ്പരസഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉച്ചകോടിയും അതിനോടനുബന്ധിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും കൊച്ചിന്‍ ഷിപ്യാര്‍ഡും ചേര്‍ന്നാണ് കൊച്ചിയിലെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. ”കൂട്ടിയിണക്കുക, സഹകരിക്കുക, നിര്‍മിക്കുക” എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഇന്ത്യന്‍ വാണിജ്യ വ്യവസായ ചേംബറുമായുള്ള (FICCI) പ്രത്യേക പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം