തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. പള്ളി വികാരിക്ക് നേരെ വണ്ടി കയറ്റുകയായിരുന്നുവെന്നും ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിൽ ഹുസൈൻ മടവൂരിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മൾ കരുതുക. എന്നാൽ അതിൽ മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും പൊലീസിനെ ന്യായീരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ ഹുസൈൻ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവർ തെറ്റായ ധാരണ വച്ചുപുലർത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.