തിരുവനന്തപുരം: നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു.കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ കെ.എസ്.യു ഹൈകോടതിയെ സമീപിക്കും. കുട്ടികളെ സ്കൂളില്‍ നിന്ന് ഇറക്കി നിര്‍ത്തുന്നത് ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താനൂര്‍ ഉപജില്ലയിലെ ഒരു സ്കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി, ഉപജില്ലകളില്‍ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണമെന്നായിരുന്നു തിരൂരങ്ങാടി ഡി.ഇ.ഒയുടെ നിര്‍ദ്ദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്നും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തത്. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറോട് വിശദീകരണം ചോദിച്ചു. നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയില്‍ സ്കൂള്‍ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹരജി നല്‍കുകയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.