×

പ്രൊവിഡന്റ് ഫണ്ട് തുക ലഭിക്കാത്തതില്‍ മനംനൊന്ത് പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

google news
pdf

കൊച്ചി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) തുക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞദിവസമാണ് ശിവരാമന്‍ കൊച്ചിയിലെ പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

80,000 രൂപയുടെ പി.എഫ്. ആനുകൂല്യമാണ് ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ജോലിയിൽനിന്ന് വിരമിച്ച് ഒന്‍പതുവര്‍ഷമായിട്ടും ഈ തുക കിട്ടിയില്ലെന്നാണ് വിവരം. വർഷങ്ങളായി ഇത് ലഭിക്കാനായി ശിവരാമന്‍ പി.എഫ്. ഓഫീസില്‍ കയറിയിറങ്ങുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് പണം ലഭ്യമാക്കാനുള്ള തടസ്സമായി പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിന് പകരമായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും നിര്‍ബന്ധം പിടിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്‌കൂളില്‍ പഠിച്ചിറങ്ങിയ ശിവരാമന് ഇത് ഹാജരാക്കാനായില്ല. തുടര്‍ന്നാണ് പി.എഫ്. ഉദ്യോഗസ്ഥനെതിരേ കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പി.എഫ്. തുക ലഭിക്കാത്തതില്‍ ശിവരാമന്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് മകനും പ്രതികരിച്ചു. 25 വര്‍ഷത്തോളം പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സിൽ കരാർ ജീവനക്കാരനായിരുന്നു ശിവരാമന്‍. ജോലിയില്‍നിന്ന് പിരിഞ്ഞശേഷവും മറ്റാരെയും ആശ്രയിക്കാതെയാണ് ജീവിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങളായിട്ടും ശിവരാമന് പി.എഫ്. ആനുകൂല്യം ലഭ്യമായില്ലെന്നും ഇത് തടഞ്ഞുവെച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

 അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags