പൊന്നമ്പല മേട്ടിൽ പൂജ നടത്തിയത് വാച്ചര്‍മാരുടെ അനുമതിയോടെ; കേസെടുക്കേണ്ട കാര്യമില്ലെന്ന് നാരായണൻ നമ്പൂതിരി

തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ തന്നെയാണ് പൂജ നടത്തിയതെന്ന് നാരായണൻ നമ്പൂതിരി. വനം വകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൊന്നമ്പലമേട്ടില്‍ പ്രവേശിച്ച് പൂജ നടത്തിയതെന്ന് വനം വകുപ്പ് കേസെടുത്ത നാരായണ സ്വാമി പറഞ്ഞു.
പൂജയ്ക്കായി പൊന്നമ്പലമേട്ടിൽ പോയിരുന്നു. ചെയ്തതിൽ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പൻ തൻ്റെ ഉപാസനാമൂർത്തിയാണ്. അതുകൊണ്ടാണ് പൂജ നടത്തിയത്. അതിൽ കേസെടുക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ വടക്കുനാഥ ക്ഷേത്രത്തിനടുത്താണ് താന്‍ താമസിക്കുന്നത്. ശബരിമല കീഴശാന്തിയുടെ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശനം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണെന്നും നാരായണ സ്വാമി പറഞ്ഞു.
തീര്‍ത്ഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാര്‍ത്ഥിക്കാറുണ്ട്. ഹിമാലയത്തില്‍ അടക്കം പോകുമ്പോഴും ഇങ്ങനെയാണ് ചെയ്യാറുള്ളത്. ഹിമാലയത്തില്‍ അടക്കം പോകുമ്പോഴും ഇങ്ങനെയാണ് ചെയ്യാറുള്ളത്. പൊന്നമ്പലമേട്ടില്‍ പോയപ്പോള്‍ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. കൂടെയുള്ളത് പൂജാ സാധനങ്ങള്‍ കൊണ്ടുവന്നവരാണ്. പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്. അയ്യപ്പനു വേണ്ടി മരിക്കാനും തയ്യാറാണെന്നും നാരായണസ്വാമി പറഞ്ഞു.
വനമേഖലയിൽ അതിക്രമിച്ചു കടക്കൽ നാരായണൻ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുവർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.
നേരത്തെ ശബരിമല മേൽശാന്തിയുടെ കീഴിൽ കീഴ്ശാന്തിയായി പ്രവർത്തിച്ചിട്ടുള്ളയാളാണ് നാരായണ സ്വാമി. ക്രമക്കേട് നടത്തിയതിന് പിന്നീട് പുറത്താക്കുകയായിരുന്നു.
ശബരിമല സന്നിധാനത്തോടൊപ്പം തന്നെ പരിപാവനവും പ്രാധാന്യമുള്ളതുമായ പ്രദേശമാണ് പൊന്നമ്പലമേട്. മകരവിളക്ക് നാൾ വൈകിട്ട് സന്നിധാനത്ത് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയുമ്പോൾ കിഴക്കേ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിച്ചുയരുകയും പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുകയും ചെയ്യും. മകരജ്യോതി ദർശനത്തിനായി പതിനായിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് കാത്തു നിൽക്കുന്നത്. ഇതിനാൽ തന്നെ അതീവ സുരക്ഷാ മേഖല ആയാണ് ഇവിടം സംരക്ഷിക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള ഈ പ്രദേശത്തേക്ക് മറ്റുള്ളവർക്കും തീർഥാടകർക്കും പ്രവേശനമില്ല.