×

സ്വകാര്യമേഖലയെ സി.പി.എം അന്നും ഇന്നും എതിർത്തിട്ടില്ല, ഇനി എതിർക്കുകയുമില്ല': എം വി ഗോവിന്ദൻ

google news
M V Govindan
 

പാലക്കാട്: സ്വകാര്യമേഖലയെ സിപിഎം എതിർത്തിട്ടില്ലെന്നും ഇഎംഎസിന്റെ കാലം മുതൽ സ്വകാര്യമേഖയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിദ്യാഭ്യാസ രംഗത്ത്‌ സ്വകാര്യമേഖലയുണ്ടെന്നും ആഗോളവത്കരണത്തെയാണ് സിപിഎം എതിർത്തതെന്നും സ്വകാര്യ മൂലധനത്തെയല്ലെന്നും അദ്ദേഹം പാലക്കാട് ചിറ്റൂരിൽ നടന്ന കേരള എൻജിഒ യൂണിയൻ പരിപാടിയിൽ പറഞ്ഞു.  
 
ഇന്ത്യ എന്ന് പറയുന്നത് ഏറ്റവും വലിയ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂട വ്യവസ്ഥയാണ്. ഇവിടെ, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്നു. തങ്ങള്‍ ആഗോളവത്കരണത്തെയാണ് എതിര്‍ത്തത്. ഇന്ത്യ കുത്തകമുതലാളിത്വത്തിന്റെയും പല മൂലധനശക്തികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂടവ്യവസ്ഥയാണ്.

'ഭരണകൂടത്തിന് മൂന്ന് പ്രധാനപ്പെട്ട ഭാഗങ്ങളുണ്ട്. എക്‌സിക്യൂട്ടിവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍. മാധ്യമ ശൃംഖലകളേയും അതിനൊപ്പം ചോര്‍ത്തു പറയാം, ഫോർത്ത് എസ്റ്റേറ്റ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിൽ വരാനും പുറത്ത് പോകാനും സാധിക്കുന്നത് അസംബ്ലിക്ക് മാത്രമാണ്. മറ്റൊന്നിനും മാറ്റമുണ്ടാകുന്നില്ല. ഭരണകൂടവ്യവസ്ഥയുടെ നാലിലൊന്നായ സർക്കാർ സംവിധാനത്തിന്റെ ഭാ​ഗമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി എന്നതുകൊണ്ട്, തൊഴിലാളി വർ​ഗം മുന്നോട്ട് വച്ച എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ സർക്കാരിനാകുമെന്ന തെറ്റിദ്ധാരണ ഞങ്ങൾക്കില്ല', എം.വി ​ഗോവിന്ദൻ പറഞ്ഞു.


സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനൊപ്പം വിദേശ സര്‍വകലാശാലകളെ കൂടി മനംതുറന്ന് സ്വാഗതം ചെയ്യുന്നതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ഇത്തവണത്തെ ബജറ്റ്. ഇതിനായി വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കുന്ന നിക്ഷേപക നയത്തിനു രൂപംനല്‍കുമെന്നും ബജറ്റിലുണ്ട്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. ഇതിനായി സമഗ്ര പദ്ധതി തയ്യാറാക്കും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം. നിക്ഷേപ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ക്യാമ്പസുകൾ സംരംഭകരെയും സംരംഭങ്ങളെയും വളർത്തിയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർചത്തു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്കായി 250 കോടി ബജറ്റിൽ വകയിരുത്തി.

സ്‌പെഷ്യൽ സ്‌കോളർഷിപ് ഫണ്ട് 10 കോടിയും ബജറ്റിൽ മാറ്റിവച്ചു. എപിജെ അബ്ദുൾ കലാം സർവകലാശാലക്ക് 10 കോടി, സർവകലാശാലകൾക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ 71 കോടി എന്നിവയും വകയിരുത്തി. ഓക്‌സ്‌ഫോഡ് സർവകലാശാലയിൽ പി.എച്ച്.ഡിക്ക് ധനസഹായവും ബജറ്റിൽ പ്രഖ്യാപിച്ചു. ഇവർ 3 വർഷം കേരളത്തിൽ നിർബന്ധിത സേവനം ചെയ്യണം. സ്വകാര്യ വ്യവസായ പാർക്ക് 25 എണ്ണം കൂടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
അതേസമയം, ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ പറഞ്ഞു. വിദേശ സർവ്വകലാശാല വേണ്ടെന്ന് തന്നെയാണ് എസ്എഫ്ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിഷയത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ കൂട്ടിച്ചേർത്തു. എൻഐടി പ്രൊഫസറുടെ ഗോഡ്സെ അനുകൂല പരാമർശത്തിൽ കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. അനുശ്രീ. സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുമെന്നും അനുശ്രീ പറഞ്ഞു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക