×

താമസസ്ഥലത്തല്ലാതെ വാടകയ്ക്കെടുത്ത സ്ഥലങ്ങളില്‍ സ്വകാര്യ പ്രാക്ടീസിന് അനുമതിയില്ല; ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ

google news
doctors

തിരുവനന്തപുരം: ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുമതിനൽകുന്നതിന് നിലവിലുള്ള മാനദണ്ഡം പുതുക്കി.

ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

പരാതികളുണ്ടാവുേമ്പോഴും ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് പരിശോധന നടത്തുമ്പോഴും താമസസ്ഥലം വ്യക്തമാക്കാൻ തദ്ദേശസ്ഥാപനത്തില്‍നിന്നുള്ള റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും ഡോക്ടര്‍മാര്‍ ഹാജരാക്കണം.

ഡോക്ടർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിൽ ഹാജരാക്കണം. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.

കിടത്തിച്ചികിത്സയ്ക്ക് വിധേയമായേക്കാവുന്ന രോഗികളെ വീടുകളിൽ കാണരുതെന്നും പുതിയ നിര്‍ദേശത്തിൽ പറയുന്നു. കിടത്തിച്ചികിത്സ വേണ്ടിവരുന്ന ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഡോക്ടര്‍മാരെ വീടുകളില്‍പ്പോയി കാണുക പതിവാണ്. ഇതിന് വിലങ്ങുതടിയാണ് പുതിയ മാനദണ്ഡം.

READ ALSO...തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്കാരം ഇന്ന്

പുതിയ മാനദണ്ഡങ്ങൾ

* താമസസ്ഥലത്തല്ലാതെ വാടകയ്ക്കെടുത്ത സ്ഥലങ്ങളില്‍ സ്വകാര്യ പ്രാക്ടീസിന് അനുമതിയില്ല.

* സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ക്ലിനിക്കുകളിലോ സ്വകാര്യ ആശുപത്രികളിലോ നടത്തുന്ന ചികിത്സ കുറ്റകരം.

* ജോലിചെയ്യുന്ന ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്യാൻ വിലക്ക്. ഇത്തരം രോഗികളെയോ അവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളില്‍വെച്ച് കാണില്ലെന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.

* പരിശോധനയ്ക്കും രോഗനിര്‍ണയത്തിനും അത്യാവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളേ സ്വകാര്യ പ്രക്ടീസ് നടത്തുന്നിടത്ത് ഉപയോഗിക്കാവൂ.

* സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇടങ്ങളിൽ നഴ്‌സുമാരെയോ മറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെയോ ഉപയോഗിക്കാൻ പാടില്ല.

* ആശുപത്രിയില്‍ നൽകിയ സേവനത്തിന് ഡോക്ടര്‍മാരുടെ വീടുകളിൽപ്പോയി ഉപഹാരമോ പണമോ നൽകിയാല്‍ രോഗികള്‍ക്കും പിടിവീഴും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു