'എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല'; പ്രിയ വര്‍ഗീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Priya Varghese in Kannur University appointment row
 

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ല. അത് യാഥാര്‍ഥ്യമാകണം. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിച്ചു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പദവിയിലിരുന്ന് താങ്കള്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വര്‍ഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
  
എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്‍റെ ഭാഗമല്ല. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു. നിയമന നടപടികൾ എങ്ങനെയെന്ന് വിശദീകരിക്കണം. സർവകലാശാലകളുടെ നടപടികളിൽ ആശയക്കുഴപ്പമെന്ന് കോടതി പറഞ്ഞു.

 
ഡെപ്യൂട്ടേഷന്‍ കാലാവധി അധ്യാപനപരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ കാലയളവിലെ പ്രവൃത്തിപരിചയത്തെക്കുറിച്ച് പ്രിയാ വര്‍ഗീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കുണ്ടെന്നാണ് പ്രിയാ വര്‍ഗീസിന്റെ നിലപാട്. തനിക്ക് പത്തുവര്‍ഷത്തെ പരിചയമുണ്ടെന്ന് അവര്‍ വാദിക്കുന്നു. ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപനപരിചയമായി കണക്കാക്കാം എന്നതാണ് ഇവരുടെ വാദം. ഇതേ വാദമാണ് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറും കോടതിയില്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, ഇത്‌ യു.ജി.സി. അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കോടതികൂടി സമാനചോദ്യങ്ങള്‍ ഉന്നയിക്കുന്നതോടെ പ്രിയാ വര്‍ഗീസിന്റെ നിയമനം റദ്ദാവാനാണ് സാധ്യത.

പ്രിയാ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോട് ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.