×

കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കലിനുവേണ്ടി പിഡബ്ല്യൂഡി തടഞ്ഞ സംഭവം: സംസ്ഥാനത്തിന്റെ നിലപാട് തേടി കോടതി

google news
,

ന്യൂഡൽഹി: 116 വർഷം പഴക്കമുള്ള കണ്ണൂരിലെ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞെന്ന ആരോപണത്തെ സംബന്ധിച്ച് കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തേടി.

ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിലപാട് തേടിയത്. സർക്കാർ നിലപാട് അറിഞ്ഞ ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കണ്ണൂർ ജില്ലാ ജഡ്ജിയുടെ പച്ചക്കൊടി ലഭിച്ച ശേഷം ആരംഭിച്ച പൊളിക്കൽ നടപടികളാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞതെന്നാണ് ആരോപണം. പുതിയ കോടതി സമുച്ചയം പണിയാൻ ആദ്യം കരാർ ലഭിച്ച നിർമ്മാൺ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

നിർമ്മാൺ കൺസ്ട്രക്ഷൻസിന് വേണ്ടി സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനുമാണ് സുപ്രീം കോടതിയിൽ ഹാജരായത്.

ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാടിന് അനുകൂലമായിരുന്നെന്നും സുപ്രീം കോടതിയിൽ എത്തിയപ്പോൾ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കുവേണ്ടി നിലപാട് മാറ്റിയെന്നും ദാവെ ആരോപിച്ചു. ഈ കാര്യങ്ങൾ എല്ലാം കേസിൽ വാദം കേൾക്കുമ്പോൾ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആരോപണത്തെ സംബന്ധിച്ച തങ്ങളുടെ നിലപാട് അടങ്ങുന്ന സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ടെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കോടതിയെ അറിയിച്ചു. സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗൾ, അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, എസ്. ശ്യാം കുമാർ എന്നിവരാണ് സൊസൈറ്റിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമ്മാൺ കണ്‍സ്ട്രക്ഷന്‍സിന് സ്റ്റാമ്പ് ഡ്യുട്ടി ഇനത്തിൽ ചെലവായ ഒരുലക്ഷം രൂപ തിരികെ നൽകിയിരുന്നുവെന്നും നിർമ്മാൺ കണ്സ്ട്രക്ഷന് നൽകിയ കരാർ റദ്ദായെന്നുമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയർമാൻ പി. രമേശൻ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, സ്റ്റാന്റിങ് കോൺസൽ സി.കെ ശശി എന്നിവരാണ് കോടതിയിൽ ഹാജരായത്.