×

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: കൊലപാതകം നേരില്‍ക്കണ്ട മകളുടെ മൊഴി നിർണായകമായി

google news
SREENIVASAN

മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായകമായത് എട്ടാം ക്ലാസുകാരിയായ മകള്‍ ഹൃദ്യയുടെ മൊഴിയാണ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ തിരിച്ചറിഞ്ഞ ഹൃദ്യ, 15 പ്രതികളില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായ എട്ടുപേരെയും കോടതിമുറിയില്‍ തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരേതരത്തിലെ വസ്ത്രംധരിച്ച് സാക്ഷിയെ കബളിപ്പിക്കാനുള്ള ശ്രമം നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

പ്രതികള്‍ മുഖംമൂടി ധരിച്ചാണു രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അതു തെറ്റാണെന്നും പ്രതികളെ താന്‍ വ്യക്തമായി കണ്ടെന്നും ഹൃദ്യ മൊഴി നല്‍കി. അച്ഛന്റെ കൊലപാതകം കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മുക്തയാകാത്ത ഹൃദ്യ, പ്രതിഭാഗത്തിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളെല്ലാം നേരിട്ടാണു പ്രതികളെ ചൂണ്ടിക്കാട്ടിയത്.

രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത് 2021 ഡിസംബര്‍ 19-നു പുലര്‍ച്ചെ ആറുമണിയോടെയാണ്. ആയുധധാരികളായ എട്ടുപേര്‍ വീട്ടിലേക്കു കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളംകേട്ട് രഞ്ജിത്തിന്റെ അമ്മ വിനോദിനിയും ഭാര്യ ലിഷയും മകള്‍ ഹൃദ്യയും എഴുന്നേറ്റുവരുന്നതിനിടെയാണു രഞ്ജിത്ത് ശ്രീനിവാസനെ പ്രതികള്‍ വെട്ടിവീഴ്ത്തിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ വിനോദിനിയെ കഴുത്തിനു പിടിച്ചുതള്ളുകയും വടിവാളുകൊണ്ടു ഭീഷണിപ്പെടുത്തുകയും ചെയ്തു.

അച്ഛനെ കൊലപ്പെടുത്തുന്ന ഹൃദയഭേദകമായ രംഗത്തെപ്പറ്റി കോടതിയില്‍ പലപ്രാവശ്യം ആവര്‍ത്തിക്കേണ്ടിവന്നിട്ടും ഹൃദ്യ തളര്‍ന്നില്ല. ഹൃദ്യക്കൊപ്പം വിനോദിനിയും ലിഷയും ഉള്‍പ്പെടെയുള്ള ദൃക്സാക്ഷികളുടെ മൊഴികള്‍ പ്രാസിക്യൂഷനു വലിയതുണയായതായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ പറഞ്ഞു. ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരടങ്ങിയ അഭിഭാഷക സംഘവും പ്രോസിക്യൂഷന്‍ സംഘത്തിലുണ്ടായിരുന്നു.

രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്ക് വധശിക്ഷവിധിച്ചത് നിയമവൃത്തങ്ങളിലും വലിയ ചര്‍ച്ചയായി. അത്യപൂര്‍വസാഹചര്യത്തിലാണ് പ്രതികള്‍ക്ക് പരമാവധിശിക്ഷ വിധിക്കേണ്ടതെന്ന് ബെച്ചന്‍ സിങ് കേസിലടക്കം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്‍വധക്കേസില്‍ സി.പി.എമ്മുകാരായ അഞ്ചുപ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. കേരളത്തില്‍ ഒറ്റക്കേസില്‍ ഏറ്റവുമധികം വധശിക്ഷ വിധിക്കപ്പെട്ടത് ഇതിലാണ്. ഹൈക്കോടതി ശരിവെച്ചെങ്കിലും സുപ്രീംകോടതി ഒരാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. നാലുപേരെ വെറുതേവിട്ടു.

15 പ്രതികള്‍ക്കും വധശിക്ഷവിധിച്ചസംഭവം കേരളത്തില്‍ ആദ്യമായാണെന്ന് ക്രിമിനല്‍ക്കേസുകളില്‍ ഹാജരാകുന്ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനു പറഞ്ഞു. എല്ലാ പ്രതികള്‍ക്കും വധശിക്ഷവിധിച്ചത് ചിലപ്പോള്‍ കേസിനെത്തന്നെ ദുര്‍ബലമാക്കാന്‍ ഇടയാക്കുമെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി അഭിപ്രായപ്പെട്ടു.

എന്നാല്‍, സാധാരണ രാഷ്ട്രീയകൊലപാതകത്തില്‍നിന്ന് വ്യത്യസ്തമാണ് ഈ കേസെന്നാണ് മാവേലിക്കര കോടതിയുടെ ഉത്തരവില്‍ പറയുന്നത്. പ്രതികളൊന്നും അപരിചിതരല്ല. കോടതിയില്‍ ഹാജരായപ്പോഴൊന്നും മാനസാന്തരത്തിന്റെ ഒരു ലാഞ്ഛനയും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അപൂര്‍വമായി കണക്കാക്കാന്‍ ബെച്ചന്‍ സിങ് കേസില്‍ സുപ്രീംകോടതി ഒന്പത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് വിശദമായി പരിശോധിച്ചാണ് വിചാരണക്കോടതി ഉത്തരവെന്നതും ശ്രദ്ധേയമാണ്.

കോടതിവിധിയില്‍ സംതൃപ്തരാണ്. പക്ഷേ, ഞങ്ങളുടെ നഷ്ടം ഒരു ശിക്ഷാവിധിക്കും നികത്താനാവില്ല'- കോടതിക്കു മുന്നില്‍ കണ്ണീരണിഞ്ഞ് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം പറഞ്ഞു. രഞ്ജിത്തിന്റെ അമ്മ വിനോദിനി, ഭാര്യ അഡ്വ. ലിഷ, സഹോദരന്‍ അഭിജിത്ത് ശ്രീനിവാസ്, മക്കളായ ഭാഗ്യ, ഹൃദ്യ എന്നിവര്‍ വിധികേള്‍ക്കാന്‍ കോടതിമുറിയിലുണ്ടായിരുന്നു.

കണ്‍മുമ്പില്‍ ഏറ്റവും പ്രിയപ്പെട്ടയാള്‍ മരിച്ചുവീണ സങ്കടത്തെ അതിജീവിച്ച് മകളുള്‍പ്പെടെ കോടതിയിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. വിധിയില്‍ നിര്‍ണായകമായതും കുടുംബത്തിന്റെ സാക്ഷിമൊഴികളായിരുന്നു.

'എന്റെ മൂത്ത മകനായിരുന്നു രഞ്ജു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല'- പറയുമ്പോള്‍ അമ്മ വിനോദിനിക്കു കണ്ണീരടക്കാനായില്ല.'നീതിപീഠത്തില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ മകനു നീതി കിട്ടി. വലിയ വേദനയ്ക്കിടയിലും ഞങ്ങള്‍ക്ക് ഈ വിധി നല്‍കുന്ന സന്തോഷം ചെറുതല്ല. ഇനി ഇങ്ങനെയൊരു കൊല നടക്കരുത്. ഡിസംബര്‍ 19 എന്ന ദിവസം ഞങ്ങളുടെ ജീവിതത്തില്‍നിന്നു മായില്ല'- ഇതുപറഞ്ഞ് വിനോദിനി വിങ്ങിപ്പൊട്ടിയപ്പോള്‍ ലിഷ ആശ്വസിപ്പിച്ചു.

READ ALSO....ഹൈ റിച്ച് തട്ടിപ്പ് കേസ്; കെ.ഡി.പ്രതാപനും, ഭാര്യ ശ്രീനയും സ്ഥിരം സാമ്പത്തിക കുറ്റവാളികളെന്ന് ഇ.‍ഡി

'ആ ദിവസത്തെ ഓര്‍ത്ത് തളരരുതെന്ന് അമ്മയോട് എപ്പോഴും പറയും. എല്ലാ ഊര്‍ജവും കൂട്ടിവെച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അന്നു വീട്ടിലെത്തിയ പ്രതികളെ വീണ്ടും കോടതിയില്‍ കാണുമ്പോള്‍ സ്വയംനിയന്ത്രിക്കാന്‍ കഷ്ടപ്പെട്ടു. ഈ ഒരു വിധികേള്‍ക്കാനുള്ള പോരാട്ടമായിരുന്നു 770 ദിവസമായി. പ്രതികള്‍ക്കു ശിക്ഷ കിട്ടുന്നതുവരെ ഇതിന്റെ പിന്നാലെയുണ്ടാകും'- ലിഷ പറഞ്ഞു. അച്ഛന്റെ കൊലപാതകം നേരിട്ടുകണ്ട ഇളയമകള്‍ ഹൃദ്യക്ക് ആ ദിവസത്തിന്റെ ഭീകരത ഇനിയും മറക്കാനായിട്ടില്ല. 'ഒരു ദിവസം ടി.വി.യില്‍ എന്തോ കണ്ട് അച്ഛന്‍ പറഞ്ഞു.

എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ ഫോണില്‍ അത് റെക്കോഡ് ചെയ്യണം. പക്ഷേ, എന്റെ അച്ഛന്‍ അങ്ങനെ കിടക്കുന്നതു കണ്ടപ്പോള്‍ ഒന്നനങ്ങാന്‍ പോലും കഴിഞ്ഞില്ല' -മൂത്തമകള്‍ ഭാഗ്യ പറഞ്ഞു. ചേട്ടന്‍ മരിച്ചതുമായി ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല അനിയന്‍ അഭിജിത്ത് ശ്രീനിവാസിന്. 'ശബരിമലയില്‍ പോയിവന്ന് വിശ്രമിക്കുമ്പോഴാണ് അമ്മയുടെയും ചേച്ചിയുടെയും നിലവിളി കേട്ടത്. നോക്കിയപ്പോള്‍ ചേട്ടന്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു' -അഭിജിത്ത് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു