×

അയോധ്യ വിഷയത്തിലെ തീയണയ്ക്കാനാണ് സാദിഖലി തങ്ങള്‍ ശ്രമിച്ചതെന്ന് വി.ഡി സതീശൻ

google news
Gh
തൃശൂർ: അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീയണക്കാനാണ് സാദിഖലി തങ്ങള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എതിരാളികളുടെ ലക്ഷ്യം വിദ്വേഷത്തിന്റെ കാമ്ബയിനാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി. സതീശൻ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
   
അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാൻ ശ്രമിക്കുമ്ബോള്‍ ആ തീ അണയ്ക്കാനാണ് സാദിഖലി തങ്ങള്‍ സംസാരിക്കുന്നത്. ഇരുവശങ്ങളിലുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്ക് വിഷയം എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കാൻ തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ ശ്രമിക്കുന്ന കാലത്ത് സമാധാനത്തിനുവേണ്ടി സംസാരിക്കുന്നതുതന്നെ വലിയ കാര്യമാണ്, വി.ഡി. സതീശൻ പറഞ്ഞു. 
   
മൂന്ന് സീറ്റ് എന്നത് ലീഗിന്റെ അർഹതപ്പെട്ട ആവശ്യമെന്ന് പറഞ്ഞ വി.ഡി. സതീശൻ, അതിനെ ഒരിക്കലും കോണ്‍ഗ്രസ് ചോദ്യംചെയ്യില്ലെന്നും കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനൊപ്പം ആത്മാർത്ഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാർ സാഹിത്യ അക്കാദമിക്കെതിരേ ഉയർന്ന ആരോപണം സർക്കാർ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   
'ഞങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹമല്ല പ്രശ്നം. അക്കാദമിയെ സി.പി.എം രാഷ്ട്രീയവത്ക്കരിച്ച്‌ പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകള്‍ അക്കാദമിയെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്ക്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സർക്കാർ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സർക്കാരും സി.പി.എമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണ്', പ്രതിപക്ഷ നേതാവ് ആരോപിച്ചു.