×

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നു : കിഫ്ബിക്ക് തടയിടാനൊരുങ്ങി സംസ്ഥാന സർക്കാർ

google news
Sbn
തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ കടുംവെട്ടിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സര്‍ക്കാര്‍. അനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള ധനസമാഹരണം പോലും പ്രതിസന്ധിയിലായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ധാരണ. 82,342 കോടി രൂപയുടെ 1,073 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.
     
വായ്പ പരിധിയില്‍ കടുംവെട്ട്, പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് സാമ്ബത്തിക അവസ്ഥ കൂപ്പുകുത്തിയിട്ടും ഒരിഞ്ച് കനിയാതെ കേന്ദ്രം. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്ബനിയും സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയെന്ന് മാത്രമല്ല അതിന് കേന്ദ്രം മുൻകാല പ്രാബല്യം കൂടി ഏര്‍പ്പെടുത്തിയതോടെ സമ്പദ്‍വ്യവസ്ഥ നിലയില്ലാക്കയത്തില്‍. കാര്യം ഇത്രയും വിശദീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
   
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ 62,342 കോടി രൂപയുടെ 1066 പദ്ധതികള്‍ക്ക് നിലവില്‍ കിഫ്ബി അനുമതിയുണ്ട്. ദേശീയപാത അതോറിറ്റിക്ക് കൈമാറിയ 5580.74 കോടി അടക്കം 22,877 കോടി രൂപയുടെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും അനുമതിയായിട്ടുണ്ട്. ആകെ അനുവദിച്ച 82342 കോടി രൂപയില്‍ ചെലവഴിച്ചത് 27050.85 കോടി രൂപ മാത്രമാണ്. ദേശീയ അന്തര്‍ദേശീയ വിപണിയില്‍ നിന്ന് അടക്കം കിഫ്ബി ഇത് വരെ സമാഹരിച്ചത് 23,670.28 കോടി രൂപ. മോട്ടോര്‍വാഹന നികുതിയിനത്തില്‍ 11,021.64 കോടിയും പെട്രോളിയം സെസ് ഇനത്തില്‍ 3,753.07 കോടിയും കിഫ്ബിയിലേക്ക് എത്തി. അടിക്കടി കേന്ദ്ര നടപടികള്‍ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നിഷേധിക്കുന്നതും നിലവില്‍ കിഫ്ബിക്ക് മുന്നില്‍ പ്രതിസന്ധിയാണ്.
   
   
എന്നന്നേക്കും നിലനില്‍ക്കുന്ന ഒരു സംവിധാനമല്ല കിഫ്ബിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്. പ്രതീക്ഷിച്ചതിലധികം പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യമായതിന്‍റെ നാലിലൊന്ന് തുകമാത്രമാണ് കയ്യിലുള്ളത്. പദ്ധതികളില്‍ മെല്ലെപ്പോക്ക് ആക്ഷേപം നിലനില്‍ക്കെയാണ് കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നതും.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു