കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം ; കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

google news
kerala university

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തിന്റെ പേരിലാണ് നടപടി. 

യുയുസി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനിയെ മാറ്റിക്കൊണ്ട് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തിരുകി കയറ്റിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പിശക് പറ്റിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ നേരിട്ടെത്തിയും അല്ലാതെയും സര്‍വകലാശാലയെ അറിയിച്ചിരുന്നു. ഈ ഒരു വിശദീകരണത്തില്‍ യൂണിവേഴ്‌സിറ്റി തൃപ്തരല്ലാത്ത സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിയത്. 

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം സംഘടനാ നേതാവായ ആണ്‍കുട്ടിയുടെ പേരാണ് നല്‍കിയത്.

കോളജിലെ ബിഎസ് സി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് അനഘയ്ക്ക് പകരം നല്‍കിയത്. എസ് എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാന്‍ ആക്കുക ലക്ഷ്യമിട്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്എഫ്ഐയിലേയും ചില നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. 26 നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags