തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ജെ.എസ്. സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി മാര്‍ച്ചുകളില്‍ സംഘര്‍ഷം.
സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു എം.എസ്.എഫ്. മാര്‍ച്ച്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന് സമീപം പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിനകത്തേക്ക് കയറി. പിന്നീട് പോലീസുമായി ഉന്തും തള്ളമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് കടന്നുകയറിയ പ്രവര്‍ത്തകരെ പോലീസ് പുറത്തിറക്കി. നോര്‍ത്ത് ഗേറ്റിന് സമീപത്തുനിന്ന് മാറിയ പ്രവര്‍ത്തകര്‍ പിന്നീട് റോഡ് ഉപരോധിച്ചു.
എം.എസ്.എഫിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും എ.എ.പിയും മാര്‍ച്ചുമായെത്തിയത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു. നിരാഹാരസമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്.