സിക്ക വൈറസ്: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

zika..


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജീവനക്കാരിയുമാണ്. ഒരു വയസുള്ള കുഞ്ഞിനും 46 വയസുള്ള പുരുഷനും 29 വയസുള്ള ആശുപത്രി ജീവനക്കാരിയ്ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 

ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. ഇതില്‍ മൂന്ന് എണ്ണമാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

അതിനിടെ, സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളില്‍ ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തും. എന്‍ഐവി പൂനയില്‍ നിന്നും വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പിസിആര്‍ കിറ്റുകള്‍ ലഭിച്ചു.