തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരെ സുപ്രീം കോടതി വ്യവസ്ഥകള്‍ ലംഘിച്ചും ഉയര്‍ന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള വിവരാവകാശകമ്മിഷനില്‍ കാര്യക്ഷമമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചുള്ള നിവേദനം നല്‍കിയിരിക്കുന്നത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി (എസ്.യു.സി.സി) യാണ്.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വിവരാവകാശ രേഖകള്‍ കൃത്യമായി ലഭ്യമാകുന്നില്ലെന്നും അപ്പീലുകള്‍ തീര്‍പ്പാക്കുന്നില്ലെന്നുമുള്ള പരാതികള്‍ വ്യാപകമായിരിക്കെയാണ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ മറികടന്ന് നിയമിക്കുന്നതെന്നും നിലവിലെ മുഖ്യവിവരാവകാശ കമ്മിഷണറായ മുന്‍ ചീഫ് സെക്രട്ടറി ബിശ്വാസ്‌മേത്ത ഈ മാസം വിരമിക്കുന്ന ഒഴിവില്‍ സര്‍വീസില്‍നിന്നും അടുത്തിടെ വിരമിച്ച ഒരു സെക്രട്ടറിയെ നിയമിക്കുന്നത് പത്രവിജ്ഞാപനവും സുപ്രീം കോടതി നിര്‍ദേശങ്ങളും അവഗണിച്ചാണെന്നും നിവേദനത്തില്‍ പറയുന്നു.
സ്വകാര്യ കോളേജില്‍ നിന്നും വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു അച്ചടി മാധ്യമ ജേര്‍ണലിസ്റ്റിനേയും കമ്മിഷണര്‍മാരായി നിയമനത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ ഗവര്‍ണറുടെ അംഗീകരത്തിന് രാജ്ഭവനിലെത്തി. ചീഫ് സെക്രട്ടറിപദവിക്ക് തത്തുല്യമായ ശമ്പളവും അനുകൂല്യങ്ങളുള്ള ഈ തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നവരെയും ഉയര്‍ന്ന അക്കാദമിക് യോഗ്യതക ളുള്ളവരെയും ഒഴിവാക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ ശുപാര്‍ശ ചെയ്തത്. ഇവരില്‍ ചിലര്‍ നിശ്ചിത യോഗ്യതകളില്ലാത്തവരാണെന്നും ആക്ഷേപമുണ്ട്. നിയമം, സയന്‍സ് & ടെക്‌നോളജി, മാനേജ്‌മെന്റ്, ജേണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളില്‍ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടതെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
മൂന്നുവര്‍ഷമാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധി. നാല് പത്രങ്ങളില്‍, അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നും അപേക്ഷകരുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ പേരും അവരുടെ യോഗ്യതകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനുള്ള കാരണങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ചുരുക്കപട്ടിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്ന സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ പേര് കാലേകൂട്ടി പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ വക കാര്യങ്ങള്‍ ഒന്നും പാലിക്കാതെ ലഭിച്ച 52 അപേക്ഷകരില്‍ നിന്നും സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എന്നിവരുടെ നോമിനികളെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക