തിരുവനന്തപുരം: കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി ജിആർ അനിൽ. നാളെ സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുളള സമരത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയുടെ നേതാക്കളുമായി ഇന്നലെ മന്ത്രി ചർച്ച നടത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘടന മുന്നോട്ടുവച്ചിട്ടുള്ള ചില ആവശ്യങ്ങളിൻമേൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങൾ സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ പരിഗണിക്കാമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിക്കുകയും സമരത്തിൽ നിന്നും പിൻമാറണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം സമരത്തില്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം