ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷ; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അം​ഗീകാരം

google news
veena george and cm

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷയാണ് ഓർഡിനൻസിൽ പറയുന്നത്. ആരോ​ഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരും. 

ആരോ​ഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നു വർഷത്തിൽ നിന്ന് ഏഴു വർഷം കഠിന തടവാകും. അതിക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ ആറുമാസം തടവാണ്. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും പിഴയും അടക്കം ശിക്ഷ ലഭിക്കും. ആശുപത്രിയിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് വിപണിവിലയുടെ ആറിരട്ടി വരെ പിഴ ഈടാക്കും. 


നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും നിയമപരിരക്ഷ ലഭിക്കും. സൈബർ ആക്രമണവും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആരോ​ഗ്യപ്രവർത്തകരുടെ ദീർഘകാല ആവശ്യത്തിനാണ് സർക്കാർ അം​ഗീകാരം നൽകിയത്. മന്ത്രിസഭ അം​ഗീകരിച്ച ഓർഡിനൻസ് ​ഗവർണറുടെ അന്തിമ അം​ഗീകാരത്തിനായി സമർപ്പിച്ചു. ഓർഡിനൻസുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങളോ പരാതികളോ ഉയർന്നുവന്നാൽ അട് അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമഭേ​ഗതിയായി അവതരിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.  നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. 

Tags