തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന പാട്ട് കടന്ന് കൂടിയത് ബോധപൂർവ്വമെന്ന ആരോപണവുമായി പാർട്ടിയിലെ ഒരു വിഭാഗം. കോഴിക്കോട്ടെ പോസ്റ്റർ വിവാദവും മനപ്പൂർവ്വം സൃഷ്ടിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്.
കോഴിക്കോട് ജില്ലയിലെ പരിപാടിയിൽ ഉച്ചഭക്ഷണം എസ്സി, എസ്ടി നേതാക്കൾക്കൊപ്പം എന്നുള്ള പോസ്റ്റർ വിവാദം വലിയ വിവാദമായിരുന്നു. യാത്ര മലപ്പുറത്തെത്തിയപ്പോൾ ‘അഴിമതിക്ക് പേര് കേന്ദ്രഭരണമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കുക കൂട്ടരേ’ എന്ന പാർട്ടാണ് വിവാദത്തിലായത്. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. യാത്ര ആലത്തൂരിലെത്തിയപ്പോൾ വിവാദം കൊഴുക്കുകയും ചെയ്തു.
ബിജെപി ഐടി സെല്ലിനോട് പ്രചരണ ഗാനത്തെക്കുറിച്ച് കെ.സുരേന്ദ്രൻ വിശദീകരണം ചോദിച്ചെങ്കിലും വിചിത്രമറുപടിയാണ് നൽകിയത്. ജനറേറ്റർ കേടായപ്പോൾ യൂട്യൂബിൽ നിന്ന് ഗാനങ്ങൾ എടുത്തതാണ് പ്രശ്നത്തിനിടയാക്കിയത് എന്നാണ് വിശദീകരണം. യുപിഎ ഭരണ കാലത്ത് ഉപയോഗിച്ച പാട്ടാണിത് എന്നും ന്യായീകരണമുണ്ട്.
ഐടി സെൽ ചെയർമാൻ എസ് ജയശങ്കറും ബിജെപി സംസ്ഥാന അധ്യക്ഷനും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. ഇരുവരും തമ്മിലുള്ള ശീതയുദ്ധമാണ് തുടർച്ചയായി ഐടി സെൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്നാണ് ചില ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. മുമ്പ് കുമ്മനം രാജശേഖരൻ പക്ഷക്കാരനായിരുന്ന ഐടി സെൽ ചെയർമാൻ എസ് ജയശങ്കർ ഇടക്കാലത്ത് സുരേന്ദ്രൻ പക്ഷത്തേക്ക് എത്തിയിരുന്നു.കുറച്ച് കാലം മുമ്പ് ഇരുവരും തമ്മിൽ അകലുകയും ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങൾ തന്നെ പറയുന്നത്. പത്തനംതിട്ട ജില്ലക്കാരനായ ജയശങ്കറുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സുരേന്ദ്രൻ അകലുന്നത് എന്നാണ് സൂചന. വിവാദങ്ങൾ ബോധപൂർവ്വമാണെന്നും പാർട്ടി അധ്യക്ഷനും ഐടി സെൽ ചെയർമാനും തമ്മിലുള്ള പടലപ്പിണക്കാണ് അതിന് പിന്നിൽ എന്നുമാണ് ബിജെപി കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന.