രാഖിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി യുവാവിന്റെ കുടുംബം

google news
rakhi

തിരുവനന്തപുരം; ചിറയിന്‍കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം രംഗത്ത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ അർജുന്റെ വീട്ടുകാര്‍. ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ അർജുൻ ഇതുവരെ തിരിച്ചെത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു


ചിറയിൻകീഴ് കൂന്തള്ളൂർ പനച്ചുവിളാകം വീട്ടിൽ രാജീവ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീയെ (ദേവു–16) ശനിയാഴ്ച വൈകിട്ടോടെയാണു സ്വന്തം വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയിച്ചതിന്റെ പിറ്റേദിവസമാണ് രാഖിശ്രീ ആത്മഹത്യ ചെയ്തത്. നാട്ടുകാരനായ അര്‍ജുന്‍ എന്ന യുവാവ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തിലേറെയായി ഇരുവരും സ്നേഹത്തിലായിരുന്നെന്നും അര്‍ജുന്റെ വീട്ടുകാര്‍ വെളിപ്പെട്ടുത്തി. എസ്എസ്എല്‍‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിവരം അറിഞ്ഞതു മുതല്‍ മരണത്തിനു തൊട്ടുമുന്‍പ് വരെയുള്ള കാര്യങ്ങള്‍ വരെ അര്‍ജുനെ രാഖിശ്രീ വാട്സാപ്പിൽ അറിയിച്ചിരുന്നു. അര്‍ജുനുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതിലെ വിഷമമാണ് അവസാനമായി അയച്ച സന്ദേശമെന്നും കുടുംബം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോടും അര്‍ജുന്റെ കുടുംബം പൊലീസിന് കൈമാറി. അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്കൂളിൽ പഠിക്കാൻ പോകുന്ന സമയങ്ങളിൽ ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് പ്രണയാഭ്യർഥനയുമായി മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും എസ്എസ്എൽസി ഫലമറി‍ഞ്ഞു സ്കൂളിൽ പോയപ്പോഴും പിറകേ കൂടി തന്നോടൊപ്പം വരണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ഭീഷണി ഉയർത്തിയിരുന്നതായുമാണ് പിതാവ് രാജീവ് പരാതിയിൽ വ്യക്തമാകുന്നത്.


ആറുമാസം മുൻപു സ്കൂളിൽ നടന്ന വിദ്യാർഥി ക്യാംപിൽ വച്ചാണു യുവാവ് മകളെ പരിചയപ്പെട്ടതെന്നും തുടർന്നു ഇയാൾ പെൺകുട്ടിക്കു മൊബൈൽ വാങ്ങി നൽകിയെന്നും പരാതിയിലുണ്ട്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് എസ്എസ്എൽസി ഫലമറിയാൻ സ്കൂളിൽ പോയ ദിവസവും രാഖിശ്രീയെ ചിറയിൻകീഴിലെ ബസ് സ്റ്റോപ്പിൽ തടഞ്ഞു നിർത്തി ഭീഷണി ആവർത്തിച്ചെന്നും പരാതിയിൽ ആരോപിച്ചു.

Tags