×

സര്‍ക്കാരും സമൂഹവും കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും മാറണം'; നഷ്ടപരിഹാരം വേണ്ടെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

google news
CHU

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിനെതിരെയാണ് തന്റെ പ്രതിഷേധം. പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ഒന്നും ആയിരുന്നില്ല തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം. മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികള്‍ക്ക് പ്രതിഫലമായി സമൂഹം നല്‍കുന്നതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട് തനിക്ക് അയച്ച പോസ്റ്റ് എന്ന പേരില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

'സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല. കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം. മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാതാരങ്ങള്‍ക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികള്‍ക്കു പ്രതിഫലമായി സമൂഹം നല്‍കുന്നത്. സര്‍ക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുന്‍നിര്‍ത്തി വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം.' -ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

READ ALSO...പാട്ട് താൻ കണ്ടിട്ടേയില്ലെന്ന് ലീലാവതി, തീരുമാനമായിട്ടില്ലെന്ന് മന്ത്രി, കേരള ഗാന വിവാദത്തിൽ അക്കാദമിയുടെ നടപടി അടിമുടി ദുരൂഹത

'എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്. സാഹിത്യസമ്പര്‍ക്കത്തിന്റെ വിശാലമേഖലകള്‍ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തെയും പ്രിയകവി സച്ചിദാനന്ദന്‍ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെയും ഞാന്‍ ആദരിക്കുന്നു. സര്‍ക്കാരും സമൂഹവും ഞങ്ങള്‍ കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നല്‍കി എന്നെ ഒതുക്കുകയല്ല വേണ്ടത്.'- ബാലചന്ദ്രന്‍ ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ