ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. പ്രത്യേകതകള്‍ ഒന്നുമില്ലാതെ ഒരു മന്ത്രിസഭാ യോഗങ്ങളും കടന്നു പോകാറില്ല. എങ്കിലും കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് ഈ മന്ത്രിസഭാ യോഗം പുതിയൊരു ജീവിതം നല്‍കിയിരിക്കുകയാണ്. സെക്കന്റുകള്‍ കൊണ്ട് നഷ്ടമായ സര്‍ക്കാര്‍ ജോലി മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ തിരിച്ചു കിട്ടിയിരിക്കുകയാണ്. ഇതാണ് ആര്‍ജ്ജവമുള്ളൊരു സര്‍ക്കാരിന്റെ ശക്തമായ തീരുമാനം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനയുടെ സഫലീകരണം കിടിയായിരുന്നു ഈ തീരുമാനം.
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി ഒഴിവു റിപ്പോര്‍ട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണനാണ് ഈ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അവകാശി. കെഎസ് ആന്‍ഡ് എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ചു നിഷ ബാലകൃഷ്ണന് തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സീനിയോറിറ്റിക്ക് അര്‍ഹത.
എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്സി റാങ്ക് ലിസ്റ്റില്‍പ്പെട്ട നിഷയ്ക്ക് നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടിരുന്നു. നിഷ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നേരത്തേ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 2018 മാര്‍ച്ച് 31ന് അവസാനിച്ച എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിഷയ്ക്കു നിയമനം ലഭിക്കത്തക്കവിധം മാര്‍ച്ച് 28നു കൊച്ചി കോര്‍പറേഷന്‍ ഓഫിസില്‍ നിന്ന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നഗരകാര്യ ഡയറക്ടര്‍ ഓഫിസില്‍ നിന്ന് അതു പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്തത് 31ന് അര്‍ധരാത്രി 12നാണ്.
ഇമെയില്‍ പിഎസ്സിക്കു കിട്ടിയത് 12 മണിയും 4 സെക്കന്‍ഡും കഴിഞ്ഞ്. പട്ടികയുടെ കാലാവധി അര്‍ധരാത്രി 12ന് അവസാനിച്ചെന്നു പറഞ്ഞു പിഎസ്സി നിഷയ്ക്കു ജോലി നിഷേധിക്കുകയും ചെയ്തു. 28ന് റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് 3 ദിവസം ഉണ്ടായിട്ടും 31ന് അര്‍ധരാത്രിക്കു മുന്‍പ് പിഎസ്സിയെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായ് എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്നാണ് കാരണവും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാന്‍ ഡോ. എ. ജയതിലക് ഐഎഎസിനെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടും നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരായതോടെയാണ് നിഷയ്ക്കു നിയമനം ലഭിക്കാന്‍ വഴിയൊരുങ്ങിയത്.
സംഭവത്തില്‍ ഉദ്യോഗസ്ഥരെ രക്ഷിച്ചുകൊണ്ട് നഗരകാര്യ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. നിഷ ബാലകൃഷ്ണനു നിയമനം നല്‍കാന്‍ സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും മുന്‍ ഉത്തരവുകള്‍ തടസ്സമാകില്ലെന്നും ഹൈക്കോടതി വിശദീകരിച്ചിരുന്നു. ഒഴിവു റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ വൈകിപ്പിച്ചതു കൊണ്ട് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ