×

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്; ലീഗിന്‍റെ ആവശ്യം ഗൗരവതരമെന്ന്‌ പി.എം.എ സലാം

google news
pma salam

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടത് ഗൗരവത്തോടെയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഏത് സീറ്റാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ലീഗിന്റെ സിറ്റിങ് എം.പിമാർ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.


സീരിയസ് അല്ലാത്തതൊന്നും ലീഗ് പറയാറില്ല. ഏത് സീറ്റ് എന്ന കാര്യം തീരുമാനിച്ചിട്ടില്ല.  20 സീറ്റിൽ മൂന്നോ നാലോ മാത്രമേ ലീഗ് ചോദിക്കുന്നുള്ളൂ. ലീഗിന് മലബാറും തെക്കൻ കേരളവും ഒരുപോലെ തന്നെയാണെന്നും സലാം പറഞ്ഞു.  


'ലീഗിന് പ്രയാസം ഉണ്ടാക്കി കോൺഗ്രസോ കോൺഗ്രസിന് പ്രയാസം ഉണ്ടാക്കി ലീഗോ ഒരു തീരുമാനം എടുക്കാറില്ല. മൂന്നാം സീറ്റ് വിഷയത്തിലും എല്ലാവർക്കും സന്തോഷമുള്ള തീരുമാനം വരും. ഇക്കാര്യം യു.ഡി.എഫിൽ അറിയിച്ചിട്ടുണ്ട്. തുടർചർച്ച ആവശ്യമുണ്ടെന്ന് പറഞ്ഞു. അഞ്ചാം തീയതിയിലെ യോഗത്തിൽ ഇക്കാര്യം തീരുമാനമാകും. ഏത് സീറ്റിൽ നിന്നാലും ജയിക്കുന്ന പാർട്ടിയാണ് ലീഗ്. അതിന് തെക്ക്, വടക്ക് എന്നില്ല', സലാം പറഞ്ഞു.

സിറ്റിങ് എം.എൽ.എമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കണ്ണൂർ എന്നല്ല, ഏത് സീറ്റിലും ലീഗിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ ഇല്ലെങ്കിൽ പകരം നിർത്താൻ നിരവധി സ്ഥാനാർഥികൾ യു.ഡി.എഫിലും ലീഗിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി വിഷയത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ അസ്വാഭാവികത ഇല്ലെന്നും ലീഗ് സംഘടിപ്പിക്കുന്ന എല്ലാ പരിപാടിയിലും കോൺഗ്രസ് പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയത്തിൽ എല്ലാ മതേതര പാർട്ടികളും പ്രതിഷേധിക്കേണ്ടതാണ്. എന്നാൽ ലീഗിന്റെ വേഗം കോൺഗ്രസിനും ഉണ്ടാവണമെന്നില്ല. പല പരിപാടികളും ഞങ്ങൾ ഒറ്റയ്ക്കാണ് നടത്താറുള്ളത്, സലാം കൂട്ടിച്ചേർത്തു.

 
ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് നേരത്തെ യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍ അറിയിച്ചിരുന്നു. തൃശൂരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. അഞ്ചാം തിയതി വിഷയത്തില്‍ തീരുമാനമുണ്ടാകും. വിഷയത്തിനു സമവായത്തിലൂടെ പരിഹാരമുണ്ടാക്കുമെന്നും വിവാദമാകില്ലെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ