×

കെ.കെ ശൈലജ അടക്കം മൂന്നു വനിതകള്‍: സി.പി.എം സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയില്‍

google news
.

എറണാകുളത്ത് സ്വതന്ത്രന്‍, മലപ്പുറത്ത് ആശയക്കുഴപ്പം

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ അടക്കം മൂന്നു വനിതാ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സി.പി.എം. ഓടുന്ന പട്ടിക്ക് ഒരു മുഴം നീട്ടിയെറിയുന്ന പോലെയാണ് സി.പി.എം ആദ്യം തന്നെ സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഘടകകക്ഷികളുമായുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തില്‍ നിന്നും പാഠം പഠിച്ചിരിക്കുകയാണ് സി.പി.എം എന്നു വേണം കരുതാന്‍. 

.

15 മണ്ഡലങ്ങളിലാണ് സി.പി.എം. മത്സരിക്കുന്നത്. മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജയാണ് ഐക്കണ്‍ സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എ ജയിംസ് മാത്യുവിന്റെ ഭാര്യ സുകന്യയും, മുന്‍ വൈദ്യുത മന്ത്രി എ.കെ. ബാലന്റെ ഭാര്യ ജമീലയുമാണ് മറ്റു രണ്ട് വനിതകള്‍. മലപ്പുറം എറണാകുളം എന്നീ ജില്ലകള്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പ്രാഥമികമായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പ്രത്യേകിച്ച് മാറ്റം ഉണ്ടാകാന്‍ സാദ്യതയില്ലെന്നാണ് സി.പി.എം നേതാക്കള്‍ നല്‍കുന്ന സൂചന. നഷ്ടപ്പെട്ടു പോയ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥികളെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അടുത്തു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ഇതിനുശേഷമാകും പ്രഖ്യാപനം നടത്തുന്നത്.

.

സിപിഎമ്മിലെ എ. സമ്പത്ത് കുത്തകയായി വെച്ചിരുന്ന ആറ്റിങ്ങല്‍ മണ്ഡലം കഴിഞ്ഞതവണ അടൂര്‍ പ്രകാശിനെ ഇറക്കി കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം നിയോഗിക്കുന്നത് മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെയാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി. ജോയിയെ ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് ആറ്റിങ്ങല്‍ സീറ്റ്. കൊല്ലത്ത് കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്റെ പേരും എംഎല്‍എ മുകേഷിന്റെ പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. 

.

കൊല്ലം ജില്ലാ കമ്മിറ്റിക്ക് മുകേഷിനോടാണ് താല്‍പ്പര്യം. പത്തനംതിട്ടയില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ ഐസക് തയ്യാറുമാണ്. ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ.എം. ആരിഫ് തന്നെ ഇമനിയും മത്സരിക്കും. ഇടുക്കിയില്‍ ഇത്തവണയും ജോയിസ് ജോര്‍ജ് തന്നെ മത്സരിക്കും. മുന്‍ പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയാണ് ചാലക്കുടി മണ്ഡലത്തില്‍ പരിഗണിക്കുന്നത്. നടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് സി.പി.എം സൈബര്‍ പോരാളികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനോട് സ്‌നേഹത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചാണ് മഞ്ജു പിന്‍മാറിയത്. ആലത്തൂരില്‍ മുന്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ജമീല സ്ഥാനാര്‍ത്ഥിയാകും. 

.

വനിതാ പ്രാതിനിധ്യം കൂടി പരിഗണിച്ചാണ് ജമീലയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുന്നത്. ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ തോല്‍പ്പിക്കുക എന്നതാകും ജമീലയുടെ ദൗത്യം. പാലക്കാട് എം. സ്വരാജും, കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളാകും. നേരത്തെ ഇവിടെ എ.കെ. ബാലനോ, കെ. രാധാകൃഷ്ണനോ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആലോചന. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തിലാണ് ഇരുവര്‍ക്കും താല്‍പ്പര്യമെന്ന് വ്യക്തമാക്കിയതോടെയാണ് എ.കെ. ബാലന്റെ ഭാര്യയിലേക്ക് ചര്‍ച്ച നീണ്ടത്. കണ്ണൂരില്‍ മുന്‍ എംഎല്‍എ ജയിംസ് മാത്യുവിന്റെ ഭാര്യ സുകന്യയെ മത്സരിപ്പിക്കും. ഇവിടെയും വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയിരിക്കുന്നത്. 

.

വടകരയിലാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ സ്ഥാനാര്‍ത്ഥിയാകുന്നത്. കെ. മുരളീധരനാകും എതിരാളി. കാസര്‍ഗോഡ് ഡിവൈഎഫ്ഐ നേതാവും മുന്‍ എംഎല്‍എയുമായ ടി.വി. രാജേഷിനെയാണ് സിപിഎം കളത്തിലിറക്കുന്നത്. എറണാകുളത്തും മലപ്പുറത്തും ഇതുവരെ സ്ഥാനാര്‍ത്ഥി ആരൊക്കെയെന്ന് തീരുമാനമായിട്ടില്ല. എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പാര്‍ട്ടി ആലോചന. ഇതുസംബന്ധിച്ച് പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മലപ്പുറത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ സിപിഎമ്മില്‍ തീരുമാനമായിട്ടില്ല. കെ.വി. തോമസിനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കില്‍ അദ്ദേഹം വിസ്സമ്മതിച്ച സാഹചര്യത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയിലേക്കാകും ചര്‍ച്ചകള്‍ നീളുക. 

.

സെബാസ്റ്റിയന്‍ പോളിനെ പാര്‍ട്ടി പരിഗണിക്കാന്‍ സാധ്യത കുറവാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടുകള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതായിട്ടുണ്ട്. രാജ്യസഭയില്‍ ഗംഭീര പ്രകടനം കൊണ്ട് ഭരണകക്ഷി എം.പിമാരുടെയും സ്പീക്കറിന്റെയും പ്രീതി പിടിച്ചു പറ്റിയ ആളാണ് വ്യവസായ മന്ത്രി കൂടിയായ പി. രാജീവ്. ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷിയും, ആശയ വിനിമയം നടത്താനുള്ള പ്രാഗത്ഭ്യവും അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നുണ്ട്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ യോഗ്യന്‍ കൂടിയായ പി. രാജീവിനെ എറണാകുളം മണ്ഡലത്തിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. എം.എല്‍.എ സ്ഥാനം രാജി വെയ്ക്കാതെയുള്ള മത്സരത്തിന് പി. രാജീവ് തയ്യാറാകുമെന്നും സൂചനയുണ്ട്. 

.

എം.ബി. രാജേഷും മത്സരിക്കാന്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. നിലവില്‍ എം.എല്‍എമാര്‍ ആയിരിക്കുന്നവരില്‍ കെ.ടി ജലീല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ്. മുന്‍ എം.പി. എ. സമ്പത്തിനെ മത്സരിപ്പിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. വനിതാ പ്രാതിനിധ്യം കൂട്ടുമ്പോള്‍ പാര്‍ട്ടിയിലെ സീനിയേഴ്‌സായ പി.കെ ശ്രീമതിയും, ടി.എന്‍ സീമയും, സി.എസ്. സുജാതയുമൊന്നും സ്ഥാനാര്‍ത്ഥികളാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജീനിയറായ ചിന്താ ജെറോമിനെയും പരിഗണിച്ചിട്ടില്ല എന്നതും കൗതുകമാകുന്നുണ്ട്. 

.

എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സി.പി.എം തയ്യാറായി കഴിഞ്ഞു. ഇനി സി.പി.ഐയുടെ സ്ഥാനാര്‍ഥി നിര്‍ണയം കൂടി പൂര്‍ത്തിയായാല്‍ പ്രാചാരണം ആരംഭിക്കാം. നാല് സീറ്റുകളിലാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഒരു സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുമാണ്. ഇതില്‍ കേരളാ കോണ്‍ഗ്രസ് എം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഐയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. തീരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയമാണ് സി.പി.ഐക്ക് തലവേദന സൃഷ്ടിക്കുന്നത്. 

.

കെ.കെ. ശൈലജ 

സ്ഥാനാര്‍ഥികളെ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രധാനമായും പരിഗണിക്കുന്ന പേരുകള്‍ കൂടായ ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കുക. ഇതിന് വിജയ സാധ്യത കൂടി പരിഗണിക്കും. നേരത്തെ മത്സരിച്ചു വിജയിച്ചു എന്നതല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം. എന്നാല്‍, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്നും മാറില്ല. തീരുമാനം എടുക്കുന്ന ഘട്ടം മുതല്‍ പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുമെന്നും കെ.കെ., ശൈലജ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

Tags