×

തൃശൂർ പൂരം നിലവിലെ ധാരണപ്രകാരം നടത്താന്‍ തീരുമാനമായി

google news
Sb

തൃശൂർ: പ്രദർശ വാടക വർധിപ്പിച്ചതിന്‍റെ പേരിൽ വിവാദത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ട തൃശൂർ പൂരം നിലവിലെ ധാരണയിൽ തന്നെ നടത്താൻ തീരുമാനമായി. പ്രദർശനത്തിന്‍റെ തറവാടക രണ്ടരക്കോടി രൂപയായി കുത്തനെ ഉയർത്തിയ കൊച്ചിൻ ദേവസ്വം നടപടി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ വേണ്ടെന്നുവച്ചു.

   

ഇപ്പോഴുള്ള ധാരണപ്രകാരം തന്നെ ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പൂരം പ്രദർശനത്തിന് മുൻ വർഷത്തെ തറവാടകയായ 42 ലക്ഷം രൂപ അടിസ്ഥാന വാടകയായി നിശ്ചയിച്ചു. എട്ടു ശതമാനം വർധനവും ധാരണയായി. മറ്റു കാര്യങ്ങൾ പൂരത്തിനു ശേഷം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇവ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ അംഗീകരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. ലോകത്തു പല ഭാഗങ്ങളിലും ഐക്കൺ ആണ് പൂരം. രാജ്യത്തെ പ്രധാന ശ്രദ്ധാകേന്ദ്രവുമാണ്. അതു ഭംഗിയായി നടക്കുക നാടിന്‍റെ ആവശ്യമാണ്. അതിൽ ഒരു വിവാദവും പാടില്ല- മുഖ്യമന്ത്രി പറഞ്ഞു.

   

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, ടി.എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തറവാടക വർധിപ്പിച്ച നടപടിക്കെതിരേ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും കോൺഗ്രസ്, ബിജെപി അടക്കമുള്ളവരും സമരവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതൊരു രാഷ്‌ട്രീയ പ്രശ്നമായി മാറുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു