കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു കോച്ച് കത്തിനശിച്ച സംഭവത്തിൽ ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്തിന്റേതുമായി സാമ്യമെന്ന് സൂചന. കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തൊട്ടടുത്തുള്ള ബിപിസിഎല്‍ ഇന്ധനസംഭരണശാലയിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പുഷന്‍ജിത്ത് സിദ്ഗറിലേക്ക് അന്വേഷണം എത്തിയത്. ഭിക്ഷാടകന്‍ എന്നാണ് പുഷന്‍ജിത്ത് പൊലീസിന് മൊഴി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read more: രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സൗജന്യം
കസ്റ്റഡിയില്‍ ഉള്ള ആള്‍ തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആകും അറസ്റ്റ്. പ്രദേശത്തെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങള്‍ രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു. അതേസമയം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതില്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമാകും കൂടുതല്‍ നടപടി ഉണ്ടാകുക. എന്‍ഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടുന്നുണ്ട്.
ഇന്നലെ പുലര്‍ച്ചെ 1.25ന്, റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35ന് അഗ്‌നിരക്ഷാസേനയെത്തി, ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കില്‍നിന്ന് 100 മീറ്റര്‍ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
ട്രെയിനിന്റെ 17-ാം കോച്ച് പൂര്‍ണമായി കത്തിനശിച്ചു. ഈ കോച്ചിന്റെ ശുചിമുറിയുടെ ജനല്‍ച്ചില്ലും വാഷ് ബേസിനും തകര്‍ത്ത നിലയിലാണ്. പതിനെട്ടാമത്തെ കോച്ചിന്റെ ശുചിമുറിയുടെ ഭാഗത്തും തീപിടിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam