×

വടകര താലൂക്ക് ഓഫീസിലെ തീവെപ്പ്: പ്രതിയെ വിട്ടയച്ചു കോടതി

google news
Sb

വടകര: താലൂക്ക് ഓഫിസ് തീവയ്‌പ്പ് കേസിലെ പ്രതിയെ വിട്ടയച്ചു. ഹൈദരാബാദ് മൂർഷിദാബാദ് ചിക്കടപള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെ (40) ആണ് വിട്ടയച്ചത്. ഇതിനു സമീപത്തെ വിദ്യാഭ്യാസ ഓഫിസ്, എൻഎച്ച് ലാൻഡ് അക്വിസിഷൻ ഓഫിസ്, എടോടിയിലെ എൽഐസി ഓഫിസ് കെട്ടിടം എന്നിവിടങ്ങളിൽ നടന്ന തീവയ്‌പ് കേസുകളിൽ ഉൾപ്പെടെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് ജില്ലാ അസി.സെഷൻസ് ജഡ്ജി ജോജി തോമസ് വിട്ടയച്ചത്. തീവയ്‌പ്പ് നടന്ന് 3 ദിവസത്തിനകം അറസ്റ്റിലായ നാരായണ സതീഷ് രണ്ടുവർഷത്തിലധികമായി ജില്ലാ ജയിലിൽ റിമാൻ‌ഡിലായിരുന്നു.

   

2021 ഡിസംബർ 17ന് പുലർച്ചെ താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കെട്ടിടം മുഴുവൻ കത്തി വിലപ്പെട്ട രേഖകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫയലുകൾ നശിച്ചിരുന്നു. ഇതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് മറ്റു ഓഫിസുകളിലും എൽഐസി ഓഫിസ് കെട്ടിടത്തിലും തീവയ്പുണ്ടായത്. 
   
സിവിൽ സ്റ്റേഷൻ പരിസരത്തും നഗരത്തിലെ മറ്റൊരു സ്ഥലത്തുമുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്‌തെങ്കിലും ഇയാളുടെ പേരിലുള്ള കുറ്റം തെളിയിക്കാനായില്ല. പ്രതിക്കായി ലീഗൽ സർവീസ് അതോറിറ്റി നിയമിച്ച അഡ്വ.പി.വി.സത്യപ്രസാദ് ഹാജരായി.