പ്രത്യേക ലേഖകൻ
തൃശൂർ: മണ്ണുത്തി – വടുക്കുംഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ അടിപ്പാത മേൽപ്പാലം ചെരിവില്ലാതെ നിർമ്മിക്കേണ്ടി വന്നുവെന്നതാണ് വിള്ളലിന് കാരണമായതെന്നു രാജ്യസഭയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗത്കരി. 2023 – വർഷക്കാല രാജ്യസഭ സമ്മേളനത്തിൽ അഡ്വ. ജെബി മേത്തർ എംപി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം നൽകിയ മറുപടിയാണിത്.
ദേശീയപാത 544-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ പുന:നിർമ്മാണത്തിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെന്തന്നുമായിരുന്നു അഡ്വ. ജെബിയുടെ ചോദ്യം.
പൊതുജനങ്ങളുടെ എതിർപ്പുമൂലം നിശ്ചിത ചരിവില്ലാതെ കരാർ കമ്പനിക്ക് മേല്പാലം നിർമ്മിക്കേണ്ടി വന്നു. അതുകൊണ്ട് വിള്ളൽ രൂപപ്പെട്ടുവെന്നാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ വിചിത്ര വിശദീകരണം. ഫലത്തിൽ വിള്ളലിൻ്റെ ഉത്തരവാദിത്തം ജനങ്ങൾക്കെന്ന്!
ഉത്തരവാദിത്തം ജനങ്ങൾക്കുമേൽ കെട്ടിവച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരമില്ലായ്മയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന അഡ്വ. ജെബി മേത്തർ എംപിയുടെ രണ്ടാമത്തെ ചോദ്യത്തിനു മന്ത്രി മറുപടി നൽകിയില്ലെന്നത് ശ്രദ്ധേയം!

ജനകീയ പ്രതിഷേധത്തിന് വഴങ്ങി അശാസ്ത്രീയ നിർമ്മാണത്തിന് നിർബ്ബന്ധിക്കപ്പെട്ടുവെന്നിടത്ത് നിർമ്മാണ പ്രക്രിയയിലെ വൈദഗ്ധ്യമില്ലായ്മയും , അപാകതയും, ഗുണനിലവാരമില്ലായ്മയും മൂടിവയ്ക്കുവാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന അഭിപ്രായം പങ്കുവച്ചവർ കുറവല്ല.
ഇക്കഴിഞ്ഞ കാലവർഷത്തിലാണ് കുതിരാൻ തുരങ്കവുമായി ബന്ധിപ്പിക്കുന്ന വഴുക്കുംപാറ മേല്പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഉദ്ഘാടനം കഴിഞ്ഞ് കേവലം ഒരു വർഷം പിന്നിടുന്നതേയുള്ളൂ. രാജ്യത്ത് നിർമ്മിക്കപ്പെടുന്ന ദേശീയ പാതകളുടെ ഗുണനിലവാരത്തകർച്ച സംബന്ധിച്ച നിരവധി വാർത്തകർ ഇതിനകം തന്നെ ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് വഴുക്കുംപാറ മേല്പാലത്തിലെ വിള്ളലിൻ്റെ ഉത്തരവാദിത്തം പ്രാദേശിക ജനങ്ങൾക്കുമേൽ കെട്ടിവയ്ക്കപ്പെട്ടത്.

വഴുക്കുംപാറയിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ താൽക്കാലിക ക്രമീകരണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. 150 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു. നാളിതുവരെയും വിള്ളൽ പ്രത്യക്ഷപ്പെട്ട റോഡ് പക്ഷേ പുന:നിർമ്മിച്ച് ഗതാഗതം പുന:സ്ഥാപിയ്ക്കുവാനായിട്ടേയില്ല. തീർത്തും മന്ദഗതിയിലാണ് പുന:നിർമ്മാണ പ്രവർത്തനങ്ങൾ.
മണ്ണുത്തി – വടക്കുംഞ്ചേരി ദേശീയപാത പദ്ധതിയിൽ ഏകദേശം 41 കിലോമീറ്റർ സർവീസ് റോഡ് നിർമ്മാണം പൂർത്തികരിച്ചു. ഭൂതർക്കങ്ങളും പൊതുതുജന പ്രതിഷേധങ്ങളും മൂലം ഏകദേശം രണ്ടു കിലോമീറ്റർ സർവ്വീസ് റോഡ് നിർമ്മാണം ഇനിയും പൂർത്തികരിയ്ക്കാനായിട്ടില്ലെന്നും അഡ്വ. ജെബി മേത്തർ എംപിയുടെ മറ്റൊരു ചോദ്യത്തിന് കേന്ദ്ര ഗതാഗത മന്ത്രി മറുപടി നൽകി. ഇരുവശത്തും ബഫർ സോണുൾപ്പെടെ ആറുവരിപാതക്ക് മുഴുവൻ ഭൂമിയും ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടിലധികമായി. എന്നിട്ടും സർവ്വീസ് റോഡ് നിർമ്മാണം പൂർത്തികരിപ്പെടാത്തതിൻ്റെ ഉത്തരവാദിത്തവും മേൽപ്പാലത്തിലെ വിള്ളലിലെന്ന പോലെ ജനങ്ങൾക്കുമേൽ കെട്ടിവയ്ക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതാ നിർമ്മാണം പൂർത്തികരിയ്ക്കുവാനായില്ലെങ്കിലും ടോൾ പിരിവ് വിഘ്നങ്ങളില്ലാതെ പൂർവ്വാധികം ശക്തിയോടെ പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു!
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















