കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു; ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു

accident
 

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു. ആലിയാട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. 24 വയസായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. 

കഴക്കൂട്ടം സൈനിക സ്ക്കൂളിനു സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് എതിർ വശത്തുകൂടി വരികയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ അറിയിച്ചത്. കാറിലുള്ളവർക്ക് പരിക്കില്ല. വാഹനത്തിന് തീപിടിച്ചതോടെ രക്ഷാ പ്രവർത്തനവും ദുസ്സഹമായി. 

അപകടത്തില്‍ വിഷ്ണു സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.