ചക്കയ്ക്ക് വിലയും ഗുണവുമുണ്ടെന്ന് തെളിയിച്ച ജാക്മി കേരളീയത്തിലും പ്രിയങ്കരിയാകുന്നു. എൽ എം എസ് കോമ്പൗണ്ടിലെ ഇരുപത്തിയാറാം സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന ജാക്മി ജനങ്ങളുടെ തിരക്കുമൂലം ഏറെ ശ്രദ്ധിക്കപ്പെടുന്നു. ചക്കച്ചുള സംസ്കരിച്ചെടുത്ത് തനതായ രുചിയിൽ രൂപപ്പെടുത്തിയെടുക്കുന്ന ജാക്മി ഇന്ന് വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയപെട്ടതാണ്. പൂർണ്ണമായും വിയറ്റ്നാം ടെക്നോളജീ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചക്കയുടെ രുചി സംസ്കരിച്ചെടുക്കുമ്പോഴും നഷ്ടപെടുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെയാണ് 2022 ലെ മികച്ച കയറ്റുമതി കർഷകനുള്ള അവാർഡ് ഇതിന്റെ സാരഥി കുഞ്ഞുമോൾ ടോമിനെ തേടിയെത്തിയത്.
വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ സ്വദേശിയായ ഇവർ കഴിഞ്ഞ 30 വർഷമായി കാർഷിക മേഖലയിൽ സജീവമാണ്. അഞ്ച് വർഷം മുമ്പ് ചക്കയുടെ വിദേശ വിപണന സാധ്യത മനസ്സിലാക്കി ‘ജാക്ക്മി, എന്ന ബ്രാൻഡിൽ ചക്കയുടെ വിവിധ ഉൽപന്നങ്ങൾ ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി കമ്പനി രൂപീകരിച്ചു മികച്ച പ്രവർത്തനം നടത്തി വരികയാണ്.
സ്വന്തമായി കൃഷി ചെയ്യുന്ന പ്ലാവിൽ നിന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചക്കയും സംസ്ക്കരിച്ച് വിവിധങ്ങളായ മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റി അയക്കുന്നു. കൂടാതെ വിവിധയിനം പഴങ്ങളും പച്ചക്കറികളും , കപ്പയും തനതായും മൂല്യവർധിത ഉൽപന്നങ്ങളായും കയറ്റുമതി ചെയ്യുന്നു. നൂറുകണക്കിനാളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന സംരഭകയായ ഇവർ തന്റെ ഉത്പന്നങ്ങൾ കേരള വിപണിയിൽ കൂടുതൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രിസ്റ്റൈൻ ട്രോപ്പിക്കൽ ഫ്രൂട്ടസ് ആന്റ ആഗ്രോ പ്രോഡക്ട്സ് ആണ് ഇതിന്റെ നിർമ്മാതാക്കൾ.