×

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹി ജന്ദര്‍മന്തിറില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

google news
.

സംസ്ഥാനങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഡെല്‍ഹി ജന്ദര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്ന് തരത്തിലുള്ള കുറവുകളാണ് ഉണ്ടാകുന്നത്. ഒന്നാമത്തേത്, രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ സംസ്ഥാനത്തിനുള്ള ഓഹരി തുടര്‍ച്ചയായി പരിമിതപ്പെടുത്തുന്നതു കൊണ്ട് ഉണ്ടാകുന്ന കുറവാണ്. യൂണിയന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്താറില്ല. ഓരോ ധനക്കമ്മീഷനും കഴിയുമ്പോള്‍ കേരളത്തിലെ നികുതി കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ പല മേഖലകളില്‍ കേരളം കൈവരിക്കുന്ന വലിയ നേട്ടങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലപ്പോഴും കുറവു വരുത്തലിനെ ന്യായീകരിക്കുന്നത്.

.

ജനസംഖ്യാ നിയന്ത്രണത്തില്‍ നേട്ടം കൈവരിച്ച സംസ്ഥാനത്തിന് ആ നേട്ടം തന്നെ ശിക്ഷയാകുന്നു. നേട്ടത്തിന്റെ പേരില്‍ വിഹിതം കുറയ്ക്കുന്നു. നേട്ടങ്ങള്‍ പരിരക്ഷിക്കണമെങ്കില്‍ പണം വേണ്ടേ? പുതുതലമുറ പ്രശ്നങ്ങളെ നേരിടണമെങ്കില്‍ അതിനു പണം വേണ്ടേ? അത് തരുന്നില്ല. നേട്ടത്തിനു ശിക്ഷ, ഇത് ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്.

രണ്ടാമത്തേത്, കേരളത്തിന് യൂണിയനില്‍ നിന്നു വിവിധ ഇനങ്ങളില്‍ ലഭിക്കേണ്ട തുകകള്‍ വൈകിക്കുന്നതു മൂലമുണ്ടാകുന്ന കുറവാണ്. ഇന്നത്തെ നിലയ്ക്ക് യൂണിയനില്‍ നിന്നു കേരളത്തിനു ലഭിക്കാനുള്ള തുകകള്‍ ഇപ്രകാരമാണ്. യു ജി സി ശമ്പള പരിഷ്‌ക്കരണം - 750 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഗ്രാന്റ് - 1,921 കോടി രൂപ. നെല്ല് സംഭരണം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടത് - 1,100 കോടി രൂപ. വിവിധ ദുരിതാശ്വാസങ്ങള്‍ക്കുള്ളത് - 139 കോടി രൂപ. സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ട് - 69 കോടി രൂപ. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യല്‍ അസിസ്റ്റന്‍സ് (കാപെക്സ്) - 3,000 കോടി രൂപ. ആകെ 7,490 കോടി രൂപ. ഫണ്ട് ട്രാന്‍സ്ഫറുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തില്‍ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.

യു ജി സി ഫണ്ട് കാര്യത്തില്‍ കേരളം നേരിട്ട ഒരു വൈഷമ്യം വിശദീകരിക്കാം. യു ജി സി ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കിയതും ശമ്പളം വിതരണം ചെയ്തതും കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചാണ്. എന്നാല്‍ ആ തുക പോലും നിഷേധിക്കുകയാണ് ചെയ്തത്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതു കൊണ്ട് ചിലവാക്കിയ തുക തരില്ല എന്ന ന്യായമാണ് കേന്ദ്രം പറയുന്നത്. സര്‍ട്ടിഫിക്കറ്റ് വൈകിയാല്‍ തുക തരുന്നത് വൈകാം. അത് കാരണമാക്കി തുക തന്നെ നിഷേധിച്ചാലോ? ഇങ്ങനെ ഒരു രീതി ലോകത്തെവിടെയും ഉണ്ടാകില്ല. കേരളത്തിന് ഇങ്ങനെ നഷ്ടപ്പെട്ടത് 750 കോടി രൂപയാണ്. സമാനമായ വിധത്തിലാണ് മറ്റു പല കാര്യങ്ങളും.

മൂന്നാമത്തേത്, ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് വായ്പ എടുക്കല്‍ പരിമിതപ്പെടുത്തുന്നതു കൊണ്ടുണ്ടാകുന്ന കുറവാണ്.  കിഫ്ബിയും കെ എസ് എസ് പി എല്ലും രൂപീകരിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വികസന - ക്ഷേമ ഇടപെടലുകള്‍ കാര്യക്ഷമമാക്കാനാണ്. ബജറ്റിന് പുറത്തുള്ളതാണ് ഈ സ്ഥാപനങ്ങള്‍  എടുക്കുന്ന കടങ്ങള്‍. എന്നാല്‍ അവയെ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കണക്കാക്കുകയാണ്. ഇതിന് മുന്‍കാല പ്രാബല്യം വരുത്തിക്കൊണ്ട് 2016-17 മുതല്‍ 2023-24 വരെയുള്ള ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ 1,07,513 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്.

.

15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയും യൂണിയന്‍ സര്‍ക്കാര്‍ തന്നെ അവ പാര്‍ലമെന്റിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കു കടകവിരുദ്ധമായാണ് മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്റെ വായ്പാ പരിധിയെ പരിമിതപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ യൂണിയന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനു നല്‍കിയിട്ടുള്ള ഉറപ്പിനെത്തന്നെ ലംഘിക്കുകയാണ്.

ഒട്ടുമിക്ക മേഖലകളിലും കേരളം  മികച്ച പ്രകടനം കാഴ്ചവെക്കുന്നതു കൊണ്ടാണ് കേരളത്തിനെതിരെ ഇത്തരമൊരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂണിയന്‍ സര്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ കേരളം പിന്തുടരാത്തതു കൊണ്ടാണ് കേരളത്തെ ഇത്തരത്തില്‍ അവഗണിക്കുന്നത് എന്നാണ് ബഹുജനങ്ങള്‍ കണക്കാക്കുന്നത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഇത്.

സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞ, ജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ട നയങ്ങളെത്തന്നെ സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് യൂണിയന്‍ സര്‍ക്കാര്‍. കേരളത്തെ  സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാന്‍ കഴിയുകയില്ല. കാരണം, അവര്‍ പിന്തുടരുന്ന രാഷ്ട്രീയ - സാമ്പത്തിക നയങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പില്ല. ഞങ്ങള്‍ വിശ്വസിക്കുന്നതും ജനങ്ങള്‍ ജനാധിപത്യ വിധിയിലൂടെ അംഗീകരിച്ചതുമായ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെങ്കില്‍ അത് ജനാധിപത്യത്തെ തന്നെ കശാപ്പുചെയ്യലാണ്. ഭരണഘടനാധ്വംസനവുമാണത്.

യൂണിയന്‍ സര്‍ക്കാരിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള സമ്പദ്ഘടനയ്ക്കും സമൂഹത്തിനും മേല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിന്റെ ഇപ്പോഴത്തെ ജി എസ് ഡി പി ഏതാണ്ട് 11 ലക്ഷം കോടി രൂപയാണ്. വായ്പ പരിമിതപ്പെടുത്തിയതു കൊണ്ടുമാത്രം ഇതിന്റെ ഏകദേശം 10 ശതമാനമാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന വെട്ടിക്കുറവുകള്‍ നമ്മുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ മള്‍ട്ടിപ്ലയര്‍ ഇഫക്ട് കണക്കുകൂട്ടിയാല്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഏതാണ്ട് 2 മുതല്‍ 3 ലക്ഷം കോടി രൂപയുടെ വരെ നഷ്ടം കേരളത്തിനുണ്ടാകും. അതായത്, അക്കാലയളവു കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന 20 മുതല്‍ 30 ശതമാനം വരെ ചുരുങ്ങും.

.

2018 ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേരളത്തോട് ഇത്തരത്തില്‍ യൂണിയന്‍ സര്‍ക്കാര്‍ വിവേചനം കാട്ടിയിരുന്നു. പ്രളയത്തെ അതിജീവിക്കാനുള്ള പാക്കേജ് ഒന്നും കേരളത്തിനു പ്രത്യേകമായി ഏര്‍പ്പെടുത്തിയില്ല. പ്രളയഘട്ടത്തില്‍ നടത്തപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം പണം ഈടാക്കി. ആ ഘട്ടത്തില്‍ ലഭ്യമാക്കിയ ഭക്ഷ്യധാന്യങ്ങള്‍ക്കു വരെ പണം പിടിച്ചുപറിച്ചു. ഇത്തരം ദുരന്തങ്ങള്‍ അടിക്കടിയുണ്ടാകുന്നതു കൊണ്ടാണ് കേരളത്തിലൊരു കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അതും നിഷേധിച്ചു. 

പ്രളയഘട്ടത്തില്‍ കേരളത്തിനു സഹായം ലഭ്യമാക്കാനായി പല വിദേശരാജ്യങ്ങളും സ്വമേധയാ മുന്നോട്ടുവന്നിരുന്നു. പക്ഷെ, അവ സ്വീകരിക്കുന്നതില്‍ നിന്ന് കേരളത്തെ വിലക്കി. നമ്മുടെ സഹോദരങ്ങളായ പ്രവാസികളുടെ അടുക്കല്‍നിന്ന് സംഭാവന സ്വീകരിക്കാം എന്നു ചിന്തിച്ചു.  അവരെ പോയി കാണുന്നതില്‍ നിന്നു കേരളത്തിന്റെ മന്ത്രിമാരെ യൂണിയന്‍ സര്‍ക്കാര്‍ വിലക്കി. എത്ര മനുഷ്യത്വരഹിതമായ സമീപനമാണിത്.

ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇടക്കാല ബജറ്റിലും കേരളത്തോടുള്ള വിവേചനവും അനീതിയും പ്രകടമാണ്. കേരളത്തിന്റെ  ആവശ്യങ്ങളൊന്നും തന്നെ അംഗീകരിക്കപ്പെട്ടിട്ടില്ല. എയിംസ്, കെ-റെയില്‍, ശബരിപാത, കോച്ച് ഫാക്ടറി, മെമു ഷെഡ് തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായിപ്പോലും നടിച്ചിട്ടില്ല. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടില്ല. റബ്ബര്‍ വിലസ്ഥിരത ഉറപ്പുവരുത്താനായി ഒരു കേന്ദ്ര ഫണ്ടും സ്ഥാപിച്ചിട്ടില്ല. തീരദേശ സംരക്ഷണത്തിനായി ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടില്ല.

സാമൂഹിക - സാമ്പത്തിക മേഖലകളിലെ നേട്ടങ്ങളുടെയും രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെയും പേരില്‍ ഇന്ന് കേരളത്തെ ശിക്ഷിക്കുകയാണ്. ഇതേ അനുഭവം എന്‍ ഡി ഐ ഇതര സംസ്ഥാന സര്‍ക്കാരുകളെല്ലാം നേരിടുകയാണ്. ഇതിനെ അതിജീവിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ. നമ്മളുടെ ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ അവയ്ക്കെതിരെ കൂടുതല്‍ യോജിപ്പോടെ നമ്മള്‍ പ്രവര്‍ത്തിക്കണം. അങ്ങനെ ഫെഡറലിസത്തെയും സഹകരണാത്മക ഫെഡറലിസത്തെയും ശക്തിപ്പെടുത്തണം.

.

ഇടക്കാല ബജറ്റിലുള്‍പ്പെടെ രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി തങ്ങള്‍ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് യൂണിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ സുഖവും ക്ഷേമവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധതയുള്ളവര്‍ എന്ന നിലയ്ക്ക് നമുക്ക്, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, ഇത്തരമൊരു മനുഷ്യത്വവിരുദ്ധ സമീപനം കൈക്കൊള്ളാന്‍ കഴിയുകയില്ല. നമുക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനായി പോരാടുന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം.

സംസ്ഥാനത്ത് സാമ്പത്തിക വൈഷമ്യമുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. പൂര്‍ണ്ണമായും സത്യവിരുദ്ധമാണിത്. വൈഷമ്യങ്ങള്‍ക്കിടയിലും ട്രഷറി സമ്പൂര്‍ണ്ണമായും കേരളത്തില്‍  പ്രവര്‍ത്തനസജ്ജമാണ്. തനത് വരുമാനം വളരെ ശ്രദ്ധേയമാംവിധം ഉയര്‍ന്നു ഘട്ടവുമാണിത്. 

സംസ്ഥാനത്തിന്റെ മൊത്തം ചിലവ് 2020-21 ല്‍ 1,31,884 കോടി രൂപയായിരുന്നത് 2022-23 ല്‍ 1,58,738 കോടി രൂപയായി ഉയര്‍ന്നു. വര്‍ഷാവസാനം 1,68,407 കോടി രൂപയായി ഉയരും. സംസ്ഥാനത്തിന്റെ സാമ്പത്തിക സജീവതയെയാണ് ഇതു കാണിക്കുന്നത്.

തനത് വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിക്കൊണ്ടു തന്നെയാണ് കൂടുതല്‍ തുക ചിലവിട്ടത്. ഒറ്റ വര്‍ഷം കൊണ്ട് തനത് നികുതി വരുമാനം 2020-21 ല്‍ 47,661 കോടി രൂപയായിരുന്നത് 2021-22 ല്‍ 58,341 ആയും 2022-23 ല്‍ 71,968 കോടി രൂപയായും സംസ്ഥാനം ഉയര്‍ത്തി. വര്‍ഷാവസാനം 78,000 കോടി രൂപയാവും. കേന്ദ്രത്തിന്റെ ദ്രോഹനടപടി എല്ലാം ഉണ്ടായിട്ടും കേരളത്തില്‍ സാമ്പത്തിക നിശ്ചലതയുണ്ടായിട്ടില്ല എന്നതാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. ഇങ്ങനെ തനത് വരുമാനം ഉയര്‍ത്തിയെടുത്തതാണോ സാമ്പത്തിക കെടുകാര്യസ്ഥത?

കേന്ദ്രത്തിന്റെ വിപരീത നിലപാടുകളൊക്കെ ഉണ്ടായിട്ടും ക്ഷേമ - സേവന - വികസന മേഖലകളില്‍ ഒരു കുറവും വരുത്തിയില്ല, കാര്യമായ വര്‍ദ്ധനവുണ്ടാക്കി താനും. 65 രൂപ സംസ്ഥാനം പിരിച്ചെടുത്താല്‍ 35 രൂപ കേന്ദ്രം തരുമെന്നാണ് വെയ്പ്പ്. കേരളം തനത് നികുതി വരുമാനമായി 79 രൂപ പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപയാണ്. ഉത്തര്‍പ്രദേശിന് 100 ല്‍ 46 ഉം ബീഹാറിന് 100 ല്‍ 70 ഉം വെച്ചു നല്‍കുമ്പോഴാണ് കേരളത്തില്‍ 100 ല്‍ 21 തരുന്നത്. ഇതിനെ വിവേചനം എന്നല്ലാതെ എന്താണ് പറയേണ്ടത്.

സംസ്ഥാനങ്ങള്‍ക്കായി വിഭജിക്കുന്ന നികുതിയിലെ കേരളത്തിന്റെ വിഹിതം 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.87 ശതമാനമായിരുന്നു. ഇത് 14-ാം ധനകാര്യ കമ്മീഷനില്‍ 2.5 ശതമാനമായും 15-ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശയില്‍ 1.9 ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലമായി 18,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായി എന്നത് കേന്ദ്രത്തിന് അറിയാത്തതല്ല.

.

സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 57,400 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയതിന്റെ വിശദാംശങ്ങള്‍ ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് 12,000 കോടി രൂപ, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇനത്തില്‍ 8,400 കോടി രൂപ, കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പകളെ പൊതുകടമായി കണക്കാക്കിയതിലൂടെ കടപരിധിയില്‍ വെട്ടിക്കുറവ് വരുത്തിയതിന്റെ ഭാഗമായി 7,000 കോടി രൂപ, പബ്ലിക് അക്കൗണ്ടുകളിലുള്ള പണം പൊതുകടത്തിലേക്ക് ഉള്‍പ്പെടുത്തിയതിലൂടെ 12,000 കോടി രൂപ. ഇതാണ് കേരളത്തിന്റെ നഷ്ടങ്ങളുടെ മറ്റൊരു പട്ടിക.

കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധമായ നടപടികളുടെ തുടര്‍ പരമ്പര ഉണ്ടായത് ഏത് ഘട്ടത്തിലാണെന്നതു കൂടി ഓര്‍ക്കണം. അഭൂതപൂര്‍വ്വമായ ഒരു പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികള്‍ എന്നിവയൊക്കെ കൊണ്ട് കേരളം വല്ലാതെ ദുരന്തത്തിലായ ഒരു ഘട്ടം. വല്ല വിധേനയും അതില്‍ നിന്നു കരകയറി ഒന്നു പച്ചപിടിക്കാന്‍ കേരളം തീവ്രശ്രമം നടത്തുമ്പോള്‍ പ്രത്യേക സഹായത്തിലൂടെ പിന്തുണയ്ക്കുകയായിരുന്നു സാധാരണ നിലയില്‍ കേന്ദ്രം ചെയ്യേണ്ടത്. എന്നാലതേ ഘട്ടത്തില്‍ തന്നെയാണ് ഈ ദ്രോഹ നടപടികളുടെ തുടര്‍ച്ച സംസ്ഥാനത്തിനെതിരെ ഉണ്ടായത്. എത്ര ക്രൂരമാണിത്. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നത് മനുഷ്യത്വമില്ലായ്മ അല്ലാതെ മറ്റൊന്നുമല്ല.

പ്രതിസന്ധികളുടെ ഘട്ടത്തിലും രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങള്‍ കേരളം സ്വന്തമാക്കി. നീതി ആയോഗിന്റെ ദേശീയ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികള്‍ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, 2021 ലെ പബ്ലിക് അഫയേര്‍സ് ഇന്‍ഡെക്സില്‍ ഒന്നാം സ്ഥാനം, കേന്ദ്ര  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പുരസ്‌കാരം, ഇന്ത്യ ടുഡേ  നടത്തിയ ഹാപ്പിനെസ്സ് ഇന്‍ഡക്സ് സര്‍വേയില്‍ ഒന്നാം സ്ഥാനം തുടങ്ങി അസഖ്യം നേട്ടങ്ങള്‍ കേരളം കഴിഞ്ഞ 8 വര്‍ഷക്കാലയളവില്‍ സ്വന്തമാക്കി. കൂടുതല്‍ മികവിലേക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഞങ്ങള്‍ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താന്‍ നിര്‍ബന്ധിതമായത്. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ അടക്കം ധരിപ്പിച്ചു. പ്രധാനമന്ത്രിയെ അടക്കം രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെയാണ് സമര രംഗത്തേക്കു വന്നത്.

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ നടത്തപ്പെടുന്ന കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെയാകെ പൊതുവായി ബാധിക്കുന്ന ചില കാര്യങ്ങള്‍ ഒന്നിച്ചു നിന്ന് കൈകാര്യം ചെയ്യണം. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags