അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മില്ലെറ്റ് ഉത്സവം സമാപിച്ചു

google news
milate

കൊച്ചി: ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) സംഘടിപ്പിച്ച ദ്വിദിന മില്ലെറ്റ് ഉത്സവം സമാപിച്ചു. ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉത്സവത്തിന്റെ സമാപന ദിനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മില്ലെറ്റ് കൃഷി രീതികള്‍, കര്‍ഷക കൂട്ടായ്മകളിലൂടെ മില്ലെറ്റുകളുടെ മൂല്യശൃംഖല ശക്തിപ്പെടുത്തല്‍, മൂല്യവര്‍ധനവിലൂടെ ആവശ്യകത വര്‍ധിപ്പിക്കുക, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. 

ഒഡീഷ, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ കേന്ദ്ര ഭക്ഷ്യസംസ്‌കരണ, വ്യവസായ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ശ്രീമതി ഘോഷ്, എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് സോമേഷ് നമ്പ്യാര്‍, ഗ്രാന്‍ഡ് തോണ്‍ടണ്‍ ഭാരത് പാര്‍ട്ണര്‍ പ്രൊഫ. വി. പത്മാനന്ദ്, ജി-ട്രീ ആഗ്രോടെക് എംഡി ബിന്ദു ഗൗരി, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ സിഇഒ പ്രദീപ് പി.എസ്, കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. കെ.പി. സുധീര്‍,  അസോചം കേരള ചെയര്‍മാന്‍ രാജാ സേതുനാഥ്, അസോചം റീജിയണല്‍ ഡയറക്ടര്‍ ഉമ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 
കേരള സ്റ്റേറ്റ് ഡെവലപ്മന്റെ് കൗണ്‍സില്‍, കേന്ദ്ര-സംസ്ഥാന ഭക്ഷ്യ സംസ്‌കരണ മന്ത്രാലയങ്ങള്‍, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മില്ലെറ്റ് ഉത്സവം സംഘടിപ്പിച്ചത്. ഗ്രാന്‍ഡ് തോണ്‍ടണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ്‌സ് റിസേര്‍ച്ച് (ഐഐഎംആര്‍), ന്യൂട്രിഹബ് എന്നിവയായിരുന്നു വിജ്ഞാന പങ്കാളികള്‍. സമ്മേളനത്തിന്റെ ഭാഗമായി മില്ലെറ്റ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ഫുഡ് ഡെമോ, ബി2ബി, ബി2സി യോഗങ്ങള്‍ എന്നിവയും നടന്നു.

Tags