കട്ടപ്പന: പൊതുമരാമത്ത് പാതയുടെ അരികിൽ മൺതിട്ട ഇടിഞ്ഞതിനാൽ സമീപത്തു നിൽക്കുന്ന മരം ഏതുനിമിഷവും റോഡിലേക്ക് പതിക്കുന്ന അവസ്ഥയിൽ. നരിയമ്പാറ-കൽത്തൊട്ടി-വെള്ളിലാംകണ്ടം റോഡിൽ സ്വർണവിലാസത്തിനും വെങ്ങാലൂർക്കടയ്ക്കും മധ്യേയുള്ള ഭാഗത്താണ് മരം ഭീഷണി ഉയർത്തുന്നത്. ഇരുപതടിയോളം ഉയരത്തിലുള്ള മൺതിട്ടയുടെ ഭാഗത്താണ് മണ്ണിടിഞ്ഞത്.
സമീപത്തു നിൽക്കുന്ന മരത്തിന്റെ ചുവട്ടിലെ മണ്ണ് ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്. ഇതിനു തൊട്ടുതാഴെക്കൂടി വൈദ്യുത ലൈനും കടന്നുപോകുന്നുണ്ട്. കയറ്റവും വളവുമുള്ള ഭാഗത്തായതിനാൽ അപകടാവസ്ഥ കൂടുതലാണ്.മലയോര ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം ഭാഗത്തുനിന്നുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളിലാംകണ്ടത്തുനിന്ന് ഈ പാതയിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. അതിനാൽ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
മരം കടപുഴകി വീണാൽ വൈദ്യുത ലൈൻ ഉൾപ്പെടെ റോഡിലേക്കു പതിക്കും. ഈ മരം ചുവട്ടിൽനിന്ന് പലശാഖകളായി തിരിഞ്ഞ് വളർന്നു നിൽക്കുന്നതിനാൽ കൂടുതൽ അപകടാവസ്ഥയ്ക്കു വഴിയൊരുക്കും. മഴയായതിനാൽ പലപ്പോഴും ഈ ഭാഗത്ത് കോടമഞ്ഞ് ഇറങ്ങുന്ന സ്ഥിതിയുണ്ട്.
മഴ ശക്തമായി തുടരുന്ന സമയങ്ങളിലൊക്കെ ഈ മൺതിട്ടയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട്. അപകടാവസ്ഥയിൽ നിൽക്കുന്ന മരം അടിയന്തരമായി വെട്ടിനീക്കാനും മൺതിട്ടയുടെ അപകടാവസ്ഥ ഒഴിവാക്കാനും നടപടി വേണമെന്ന ആവശ്യമാണുയരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം