കേരള നിയമസഭാ പുസ്തകോത്സവം രണ്ടാം പതിപ്പി (കെഎൽഐബിഎഫ്-2)നായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.പുസ്തകശാലകൾക്കും ഫുഡ് കോർട്ടുകൾക്കുമുള്ള സ്റ്റാളുകളും ചർച്ചകൾക്കും പുസ്തക പ്രകാശനങ്ങൾക്കുമുള്ള വേദികളുമാണ് ഒരുങ്ങുന്നത്. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായിട്ടാണ് സ്റ്റാളുകളുടെ ക്രമീകരണം. മൂന്ന് വശങ്ങളും മറച്ച് മുകളിൽ അലുമിനിയം ഷീറ്റുകൾ വിരിച്ചാണ് സ്റ്റാളുകൾ നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ മഴയത്തും വെയിലെത്തും ഒരു പോലെ സന്ദർശകർക്ക് പുസ്തകോത്സവത്തിനെത്തുകയും എല്ലാ സ്റ്റാളുകളിലേക്കും ബുദ്ധിമുട്ടുകളൊന്നും കൂടാതെ എത്തിച്ചേരുകയും ചെയ്യാം.
എല്ലാ സ്റ്റാളുകളിലേക്കുമുള്ള പ്രവേശനം ഉറപ്പുവരുത്താൻ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വ്യത്യസ്ത ദിശകളിലാണ് സന്ദർശനം അനുവദിക്കുക.
‘വായനയാണ് ലഹരി’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 160ൽ അധികം പ്രസാധകരിൽ നിന്നായി 256 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. പുസ്തക പ്രകാശനങ്ങൾക്ക് പുറമെ പുസ്തക ചർച്ചകൾ, സെമിനാറുകൾ, കവിയരങ്ങുകൾ, കെ.എൽ.ഐ.ബി.എഫ് ടോക്ക്, സാംസ്കാരിക സന്ധ്യ എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.
നിയമസഭയ്ക്കകത്തെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചാണ് പ്രധാന വേദി. കൂടാതെ മറ്റ് മൂന്ന് വേദികളിലും പരിപാടികൾ അരങ്ങേറും.
നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന പുസ്തകോത്സവത്തിൽ കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങളും വാങ്ങാൻ കഴിയും. പൊതുജനങ്ങൾക്ക് മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 10 ശതമാനവും കിഴിവ് ലഭിക്കും.
ലൈബ്രറികൾക്കും മറ്റു സ്ഥാപനങ്ങൾക്കും നിയമസഭാ ജീവനക്കാർക്കും മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 20 ശതമാനവും കിഴിവ് ലഭിക്കും. പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം