കുന്നംകുളം: മുണ്ടകൻ പാടശേഖരത്തിൽ ഇത്തവണ കർഷകർക്ക് കണ്ണീർ കൊയ്ത്ത്. നെല്ലിന് വിളവു കുറഞ്ഞതിന് പിന്നാലെ വൈക്കോലിന് വിലയിടിഞ്ഞതും തിരിച്ചടിയായി. മുൻ വർഷങ്ങളിൽ വൈക്കോൽ കെട്ടിന് മികച്ച വില കിട്ടിയിരുന്നുവെങ്കിലും ഇപ്പോൾ പലയിടത്തും വൈക്കോൽ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലാണ്. മുണ്ടൻ പാട ശേഖരങ്ങളിൽ ഇത്തവണ കർഷകർക്ക് വൻതോതിൽ വിളവ് കുറഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം പലയിടത്തും കർഷകർക്ക് പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. പാടശേഖരങ്ങളിൽ കൃഷിക്ക് വെള്ളം സുലഭമായി ലഭിച്ചെങ്കിലും വിളവ് കുറഞ്ഞത് തിരിച്ചടിയായി. കൊയ്ത്തിനിടെ നെൽമണികൾ പാടശേഖരങ്ങളിൽ വൻതോതിൽ കൊഴിഞ്ഞുവീരുന്നു.
ഒഴിഞ്ഞു വീണ നെൽമണികൾ ഇപ്പോൾ മുളച്ചുപൊന്തിയ നിലയിലായി. ഇതിനുപുറമെ വൈക്കോലിന് വിലകുറഞ്ഞതും കർഷകർക്ക് ഇരുട്ടടി ആയി. മുൻ വർഷങ്ങളിൽ കൊയ്ത്ത് മെതിയന്ത്രത്തിന് കൊടുക്കാനുള്ള തുക കർഷകർക്ക് വൈക്കോൽ വിൽപ്പനയിലൂടെ ലഭിച്ചിരുന്നു.എന്നാൽ ഇത്തവണ അതും ഇല്ലാതായി.