കൊച്ചി: തങ്ങളുടെ ബാങ്കിന്റെ ഡിജിറ്റല്‍ റുപ്പീ ആപ്പ് ഉപയോഗിച്ച് ഏതു മര്‍ച്ചന്റ് ക്യുആര്‍ കോഡിലും പണമടക്കാന്‍ സൗകര്യമൊരുക്കിയതായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ റുപ്പീ ബൈ ഐസിഐസിഐ ബാങ്ക് എന്ന പേരിലുള്ള ഈ ആപ്പ് യുപിഐ ഇന്റര്‍ ഓപറേറ്റബിള്‍ ആക്കിക്കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്.
80 പട്ടണങ്ങളിലുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് കച്ചവട സ്ഥാപനങ്ങളില്‍ നിലവിലുള്ള യുപിഐ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ റുപ്പീ ആപ്പ് വഴി പണം നല്‍കാനും അതേ സമയം കച്ചവടക്കാര്‍ക്ക് ഓണ്‍ ബോര്‍ഡിങ് പ്രക്രിയകള്‍ ഇല്ലാതെ തന്നെ ഡിജിറ്റല്‍ റുപ്പീ പണമടയ്ക്കലുകള് സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.
പണമടക്കാനുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് മര്‍ച്ചന്റ് ഇക്കോസിസ്റ്റം മേധാവി ബിജിത്ത് ഭാസ്ക്കര്‍ പറഞ്ഞു.