പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇത്തവണ മാറ്റത്തിനായി വോട്ട് ചെയ്യണമെന്ന് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയും രാഷ്ട്രീയ ജനതാ ദൾ നേതാവുമായ തേജസ്വി യാദവ്. എല്ലാവരും വോട്ട് ചെയ്യാനുള്ള ജനാധിപത്യത്തിലെ അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
“തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ബിഹാറിലെ ജനങ്ങളോട് എനിക്ക് അഭ്യർഥിക്കാനുള്ളത് മാറ്റത്തിനായി വോട്ട് ചെയ്യൂ എന്നതാണ്,” തേജസ്വി പറഞ്ഞു.
കഴിഞ്ഞ 15 വർഷം ബിഹാർ ഭരിച്ച സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകിയില്ല. കർഷകരുടെയും തൊഴിലാളികളുടേയും സ്ഥിതി മോശമാക്കി. ഒരു വ്യവസായം പോലും സംസ്ഥാനത്ത് ആരംഭിക്കാൻ അവർക്കായില്ല. ദാരിദ്ര്യം ഇല്ലാതാക്കാൻ സാധിച്ചില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസവും ആരോഗ്യരംഗവും മെച്ചപ്പെട്ടില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
ബിഹാറിലെ 243 അംഗ നിയമസഭയിൽ 71 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ) തുടങ്ങിയ പാർട്ടികൾ ഇത്തവണ മഹാസഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.